ദോഹ: ഖത്തർ ക്ലബ് ഫുട്ബാളിലെ വമ്പന്മാരായ അൽ സദ്ദിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തരിപ്പണമാക്കി അമീർ കപ്പ് ഫുട്ബാളിൽ അൽ അറബിയുടെ മുത്തം. ലോകകപ്പ് കഴിഞ്ഞ് നാലു മാസത്തെ ഇടവേളക്കു ശേഷം ഗാലറികൾ നിറഞ്ഞു കവിഞ്ഞ രാത്രിയിൽ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിലായിരുന്നു അൽ അറബിയുടെ വിജയ നൃത്തം. 30 വർഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് പഴയ പ്രതാപികളായ അൽ അറബി അമീർകപ്പിൽ വീണ്ടും മുത്തമിടുന്നത്. 1993ൽ അൽ സദ്ദിനെ 3-0ത്തിന് തോൽപിച്ച് തങ്ങളുടെ എട്ടാം അമീർ കപ്പ് നേടിയവർക്ക് പിന്നീട് വരൾച്ചയുടെ കാലമായിരുന്നു. രണ്ടു വട്ടം ഫൈനൽ കളിച്ചെങ്കിലും റണ്ണർഅപ്പായി മടങ്ങി. ഒടുവിൽ കാത്തിരിപ്പ് ദൈർഘ്യം 30 ആണ്ട് കടന്നപ്പോൾ തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് തിരികെയെത്തുകയാണ് അൽ അറബി. ഒമ്പതാമത് അമീർ കപ്പ് വിജയമാണിത്.
അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ നിറഞ്ഞ മത്സരത്തിൻെറ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ പിറന്നത്. അക്രം അഫിഫും ഹസൻ ഹൈദോസും ആക്രമണം നയിച്ച അൽ സദ്ദിൻെറ മുന്നേറ്റമായിരുന്നു ആദ്യ പകുതിയെങ്കിൽ രണ്ടാം പകുതിയിൽ ഒരു ഗോൾ നേടിയതോടെ അൽ അറബിയുടെ കളി തന്ത്രം മാറി. സിറിയൻ താരം ഉമർജിഹാദ് അൽ സുമാഹ് 62ാം മിനിറ്റിൽ അറബിയുടെ ആദ്യഗോൾ നേടി. പിന്നീട് ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിൽ ഹാമിദ് ഇസ്മായിലിലൂടെ അറബി ലീഡുയർത്തി. ഇതോടെ കളി കൈവിട്ട മനോഭാവത്തിൽ കളിച്ച അൽ സദ്ദിൻെറ വലക്കെട്ടുകൾ തരിപ്പണമാക്കുന്നതായിരുന്നു ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റിൽ പിറന്ന ഉമർ ജിഹാദിൻെറ രണ്ടാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.