ബംഗാൾ താരങ്ങളുടെ വിജയാഘോഷം

കേരളത്തിന് ഇൻജുറി ഷോക്ക്; സന്തോഷ് ട്രോഫിയിൽ ബംഗാളിന് 33-ാം കിരീടം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനലിൽ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബംഗാളിന് ജയം. ഇൻജുറി ടൈമിൽ (90+3") റോബി ഹൻസ്ദ നേടിയ ഗോളിലാണ് ബംഗാൾ കേരളത്തിൽനിന്ന് ജയം പിടിച്ചുവാങ്ങിയത്. തിരിച്ചടിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. ടൂർണമെന്‍റ് ചരിത്രത്തിൽ ബംഗാളിന്‍റെ 33-ാം കിരീട നേട്ടമാണിത്. ഗോൾ രഹിതമായ 90 മിനിറ്റിനു ശേഷമാണ് ബംഗാളിന്‍റെ വിജയഗോൾ പിറന്നത്.

രണ്ടാം പകുതിയിലെ 53-ാം മിനിറ്റിൽ കേരള ഗോൾമുഖത്തേക്ക്​ എതിർ ഫോർവേഡ്​ അബൂസൂഫിയാൻ നടത്തിയ ഒറ്റയാൻ നീക്കം ഫലം കണ്ടില്ല. ഒരു മിനിറ്റ്​ ശേഷം നസീബ്​-നിജോ കൂട്ടുകെട്ടിലൂടെ പിറന്ന അവസരത്തിനൊടുവിൽ എതിർ ബോക്​സിൽ അജ്​സൽ സ്ലൈഡ്​ ചെയ്​തെത്തിയെങ്കിലും പന്ത്​ ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു.പിന്നാലെ മനോതോസ്​ മാജിയുടെ മുന്നേറ്റം സഞ്ജുവിന്​ ഫൗളിൽ തടയേണ്ടി വന്നു. ഇടതു ബോക്സിന്​ തൊട്ടുമുന്നിൽനിന്ന്​ ഫ്രീകിക്ക്​. റോബി ഹൻസ്​ദാ എടുത്ത കിക്ക്​ കേരളത്തിന്‍റെ നെഞ്ചിൽ തീപടർത്തി ക്രോസ്​ ബാറിന്​ തൊട്ടുമുകളിലൂടെ കടന്നുപോയി.

63ആം മിനിറ്റിൽ ബംഗാൾ താരം സുപ്രദീപ്​ ഹസ്​റയെ നസീബ്​ ഫൗൾ ചെയ്തതിന്​ വലതുബോക്സിന്​ തൊട്ടുമുന്നിൽനിന്ന്​ റഫറി ഫ്രീകിക്ക്​ അനുവദിച്ചു. കിക്ക്​ പക്ഷേ കേരള പ്രതിരോധം തടഞ്ഞു. പത്തുമിനിറ്റിനു ശേഷം മറ്റൊരു ഫ്രീകിക്ക്​ ബോക്സിൽ റോബി ഹൻസ്​ദായുടെ കാലിൽ ലഭിച്ചെങ്കിലും പ്രതിരോധ നിര വീണ്ടും രക്ഷക്കെത്തി. ഇതിനിടെ ബംഗാൾ നിരയിൽ അബൂസൂഫിയാന്​ പകരം ഇസ്​റഫുൽ എത്തി. തൊട്ടുപിന്നാലെ നിജോ ഗിൽബർട്ടിന്​ കനത്ത ഫൗൾ ഏറ്റ്​ പുറത്തുപോവേണ്ടി വന്നു. പകരം സെമിയിലെ ഹീറോ മുഹമ്മദ്​ റോഷൽ ഇറങ്ങി.

82ആം മിനിറ്റിൽ കേരള ഗോൾമുഖത്ത്​ അപകടഭീഷണിയുമായി ബംഗാൾ താരങ്ങൾ തലങ്ങും വിലങ്ങും കറങ്ങി. മൂന്നു കോർണറുകളാണ്​ ഈ നീക്കത്തിൽ കേരളം വഴങ്ങിയത്​. 88 ആം മിനിറ്റിൽ കേരളം ഗോളിനടു​ത്തെത്തി. റോഷൻ നൽകിയ പാസിൽ മുഷറഫിന്‍റെ അടി പക്ഷേ പാളി. 90 ആം മിനിറ്റിൽ അജ്​സലിന്​ പകരം മുന്നേറ്റത്തിലേക്ക്​ ഷിജിൻ വന്നെങ്കിലും രക്ഷയുണ്ടായില്ല. ആറു മിനിറ്റ്​ ഇഞ്ചുറി ടൈമിലേക്ക്​ കടന്ന കളിയിൽ രണ്ടു മിനിറ്റ്​ ശേഷിക്കെ, ഓപൺ ഗെയിമിലൂടെ ബംഗാൾ വിജയ ഗോൾ കുറിച്ചു. മനതോസ്​ മാജി നൽകിയ പന്ത്​ പിഴവില്ലാതെ റോബി ഹൻസ്​ദാ വലയിലാക്കി. അന്ത്യ നിമിഷത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന്​ സമനില നേടാനായുള്ള അവസരത്തിൽ സഞ്ജുവിന്‍റെ ഷോട്ട്​ പുറത്തുപോവുകയും ചെയ്തു.

ആദ്യ പകുതി ഗോൾ രഹിതം

മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. ആദ്യ നാലു മിനിറ്റുകളിൽ പന്തുകൈവശം വെക്കുന്നതിൽ ബംഗാളിനായിരുന്നു മുൻതൂക്കം. എന്നാൽ, പതിയെ കേരളം കയറിയെത്താൻ തുടങ്ങി. വിങ്ങുകളിലൂടെ ആക്രമിക്കുകയായിരുന്നു കേരളത്തിന്റെ തന്ത്രം. എന്നാൽ, എതിർപ്രതിരോധം മുനയിലേ അപകടം നുള്ളിയതോടെ ഉറച്ച അവസരങ്ങൾ അന്യംനിന്നു.

ആറാം മിനിറ്റിൽ ബംഗാൾ ബോക്​സിൽ കേരളത്തിന്‍റെ അറ്റാക്കിങ്​ മിഡ്​ഫീൽഡർ നസീബ്​ റഹ്​മാന്‍റെ റെയ്​ഡ്​. ഇടതു ബോക്സിൽനിന്ന്​ ഷോട്ടുതിർക്കും മുമ്പ്​ പ്രതിരോധ താരം ബിക്രം പ്രധാൻ ടാക്കിളിലൂടെ രക്ഷക്കെത്തി. രണ്ടു മിനിറ്റിന്​ ശേഷം നിജോയും റിയാസും ചേർന്ന മറ്റൊരു നീക്കവും കണ്ടു. റോബി ഹൻസ്​ദായും സൂഫിയാനും മനതോസ്​ മാജിയും ചേർന്ന ബംഗാൾ മുന്നേറ്റം ഇടക്കിടെ കേരള ബോക്സിലും ഗോൾ സാധ്യത തേടി കറങ്ങി നടന്നു.

11-ാം മിനിറ്റിൽ നിജോയുടെ കൃത്യതയാർന്ന ക്രോസ്​ ബോക്സിൽ അജ്​സലിന്‍റെ തലക്കുപാകമായി വന്നിറങ്ങി. അജ്​സലിന്‍റെ ഹെഡർ പക്ഷേ, ക്രോസ്​ബാറിനെ തൊട്ടുരുമി കടന്നുപോയി. 19-ാം മിനിറ്റിൽ എതിർ താരത്തിൽനിന്ന്​ പന്ത്​ പിടിച്ചെടുത്ത്​ ​അജ്​സൽ ഷോട്ട്​ പായിച്ചെങ്കിലും പുറത്തേക്കായി.

ഇരു വിങ്ങിലൂടെയും കേരളം മാറി മാറി ആക്രമണം മെനഞ്ഞപ്പോൾ ബംഗാളിന്​ പലപ്പോൾ പരുക്കൻ അടവ്​ പുറത്തെടുക്കേണ്ടി വന്നു. അജ്​സലിനെയും നസീബിനെയും ഫൗൾ ചെയ്തതിന്​ ബംഗാളിന്‍റെ പ്രതിരോധ താരങ്ങളായ ജുവൽ അഹ്​മദും ബിക്രം പ്രധാനും ആദ്യ പകുതിയിൽ മഞ്ഞക്കാർഡ്​ കണ്ടു. നസീബിനെ വീഴ്ത്തിയതിന്​ 34ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്​ എടുത്ത ക്യാപ്​റ്റൻ സഞ്ജു ഗണേഷ് പന്ത്​ നസീബിലേക്കെത്തിച്ചു.

ആദ്യ പകുതി അവസാനിക്കാൻ അഞ്ചുമിനിറ്റ്​ ശേഷിക്കെ, നസീബിനെ വീഴ്ത്തിയതിന്​ ലഭിച്ച ഫ്രീകിക്ക്​ ബംഗാൾ താരം ഹെഡ്​ ചെയ്​തകറ്റിയത്​ പിടിച്ചെടുത്ത മുഷറഫ്​ ഷോട്ടെടുത്തെങ്കിലും പന്ത്​ ലക്ഷ്യത്തിൽനിന്ന്​ മാറി. ബംഗാളിന്‍റെ ഒറ്റപ്പെട്ട പല മുന്നേറ്റങ്ങളും കേരളത്തിന്‍റെ ഓഫ്​സൈഡ്​ കെണിയിൽ കുടുങ്ങി.

മുൻനിര ലക്ഷ്യബോധം പ്രകടമാക്കാതിരുന്നതും ആദ്യപകുതിയിൽ കേരളത്തിന് തിരിച്ചടിയായി. മികച്ച ഒത്തിണക്കവും ആസൂത്രണവുമായി വംഗനാടൻ ഗോൾമുഖത്തേക്ക് കടന്നുകയറുകയും ഗോളി സൗരവിനെ പരീക്ഷിക്കുകയും ചെയ്യുകയെന്നത് നടക്കാതെ പോവുകയായിരുന്നു.

Tags:    
News Summary - West Bengal Won Santosh Trophy, Beat Kerala 1-0 in Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.