മുംബൈ: രാജ്യത്തെ ഒന്നാം നിര ഫുട്ബാൾ ലീഗ് പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകളൊന്നുമില്ല. മോഹൻ ബഗാൻ പതിവുപോലെ ഒന്നാം സ്ഥാനത്ത് അതിവേഗം ബഹുദൂരം കുതിപ്പ് തുടരുന്നു. സുനിൽ ഛേത്രിയും ബംഗളൂരുവും തൊട്ടുപിന്നിൽ തുടരുമ്പോൾ ഗോവ ചിലപ്പോൾ കിതച്ചും അതിലേറെ കുതിച്ചും വലിയ സാധ്യതകളുടെ സൂചന നൽകുന്നു.
തോൽവിത്തുടർച്ചകളുമായി പിന്നിലേക്കിറങ്ങിയ ബ്ലാസ്റ്റേഴ്സിൽ വമ്പൻ കൂടുമാറ്റങ്ങൾ അരങ്ങുണരുന്നു. ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലേക്ക് വഴി തുറക്കാൻ സാധ്യതകൾ വല്ലതും അവശേഷിക്കുന്നോ എന്ന ആധി ആരാധകരിൽ പോലും ഇല്ലാതിരിക്കെ ലീഗിൽ ഇനിയെന്തെന്ന ആലോചന പ്രസക്തം.
ഏറ്റവുമൊടുവിൽ ഹൈദരാബാദിനെതിരെ കാൽ ഡസൻ ഗോളുകൾക്ക് ജയിച്ചാണ് മുൻ ചാമ്പ്യന്മാരും കൊൽക്കത്ത അതികായരുമായ ബഗാൻ നിലപാട് വ്യക്തമാക്കുന്നത്. ടീം അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ഗോവയോടു മാത്രം തോറ്റപ്പോൾ നാലിലും നേടിയത് ഗംഭീര ജയങ്ങൾ. കമ്മിങ്സ്, പെട്രാറ്റോസ്, മക്ലാറൻ ടീമിന് കരുത്തുപകർന്ന് സഹൽ അബ്ദുസ്സമദും ആശിഖ് കുരുണിയനുമടങ്ങുന്ന വമ്പന്മാരുമാകുമ്പോൾ കിരീട യാത്രയിൽ ടീമിന് തടസ്സങ്ങളേറെയുണ്ടാകില്ലെന്ന് ന്യായമായും സംശയിക്കാം.
കൊൽക്കത്തയിൽനിന്ന് ഇത്തവണ രണ്ടു ടീമുകൾ വേറെയുമുണ്ട്. മുഹമ്മദൻ ക്ലബ് പട്ടികയിൽ ഏറ്റവുമവസാനത്തിൽ നിൽക്കുമ്പോൾ ഈസ്റ്റ് ബംഗാളിനും ശനിദശതന്നെ. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗംഭീര പ്രകടനവുമായി ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയ ടീമാണ് മുഹമ്മദൻ ക്ലബ്.
പട്ടികയിൽ മൂന്നാമതാണെങ്കിലും എഫ്.സി ഗോവയുടെ ഗോൾയാത്രകൾ ആവേശം പകരുന്നവയാണ്. കരുത്തരായ ബഗാൻ, ഒഡിഷ ടീമുകളുമായി മുഖാമുഖം നിന്ന അവസാന രണ്ടു കളികളിൽ ടീം നേടിയ നാലു ഗോളുകളും ഒന്നിനൊന്ന് മികച്ചുനിന്നു. ബ്രൈസൺ ഫെർണാണ്ടസ് എന്ന അതികായനാണിപ്പോൾ ടീമിലെ സൂപ്പർ ഹീറോ.
കഴിഞ്ഞ ശനിയാഴ്ച കരുത്തരായ ബംഗളൂരുവിനെതിരെ 84 മിനിറ്റും പിന്നിൽനിന്ന ശേഷം രണ്ടുവട്ടം വല കുലുക്കി ജയിച്ചുകയറിയ ജാംഷഡ്പുരിനെയും കോച്ച് ഖാലിദ് ജമീലിനെയും ഈ സീസണിൽ ഇനിയാരും എഴുതിത്തള്ളില്ല. ജോർഡൻ മറേ ഒപ്പമെത്തിച്ച ശേഷം മുഹമ്മദ് ഉവൈസ് എന്ന നിലമ്പൂരുകാരനായിരുന്നു അന്ന് ടീം ഉരുക്കിൽ തീർത്തതാണെന്ന് തെളിയിച്ചത്. കോച്ചിന്റെ ടീമായി നിലയുറപ്പിക്കുകയും അവസരത്തിനായി കാത്തിരുന്ന് പ്രഹരിക്കുകയും ചെയ്യുന്നതാണ് ജാംഷഡ്പുർ ശൈലി.
കെ.പി. രാഹുലിനെ ശരിയായ അർഥത്തിൽ ബ്ലാസ്റ്റേഴ്സ് ഉപയോഗിച്ചിട്ടില്ല. പക്ഷേ, താരം കൂടുമാറി ഒഡിഷയിലെത്തുമ്പോൾ മഞ്ഞപ്പട ശരിക്കും പേടിക്കണം. 19ാം വയസ്സുകാരനായി ടീമിലെത്തിയ താരം നീണ്ട അഞ്ചര വർഷത്തിനു ശേഷമാണ് ഒഡിഷയിലേക്ക് മാറുന്നത്. തോൽക്കരുതാത്തിടത്ത് തോൽവി ചോദിച്ചുവാങ്ങുകയും തോൽവി ഉറപ്പെന്ന് സാധ്യതകൾ പറയുന്നിടത്ത് പിടിച്ചുനിൽക്കുകയും ചെയ്യുന്നതാണ് ബ്ലാസ്റ്റേഴ്സിനിഷ്ടം. ഒമ്പതുപേരുമായി കളിച്ച് പഞ്ചാബിനെ മലർത്തിയടിച്ചത് ഏറ്റവുമൊടുവിലെ ഉദാഹരണം. 17 പോയന്റ് മാത്രമുള്ള ടീമിപ്പോൾ പട്ടികയിൽ ഒമ്പതാമതാണ്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈയും നോർത്ത് ഈസ്റ്റും ഒഡിഷയുമടക്കം ടീമുകൾ മുന്നിൽനിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ ഏതറ്റം വരെയെന്നതാണ് കാത്തിരിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.