ദോഹ: മൂന്നു മത്സരങ്ങൾക്കായി ഗാലറിയിലെത്തിയ 80,000ത്തിലേറെ വരുന്ന ആരാധകർക്ക് ആഘോഷിക്കാൻ ഒരു ഗോളോ, ആശ്വസിക്കാൻ ഒരു പോയന്റോ നൽകാനാവാതെ ഏഷ്യൻ കപ്പിൽ നിന്ന് മടങ്ങുകയാണ് ഇന്ത്യൻ ഫുട്ബാൾ ടീം.
മാറേണ്ടത് കളിക്കാരും പരിശീലകരുമല്ല, ഇന്ത്യയുടെ ഫുട്ബാൾ സംവിധാനമാണെന്ന് വീണ്ടും ഓർമപ്പെടുത്തുന്നതാണ് ഏഷ്യൻ കപ്പിലെയും ഫലങ്ങൾ. ഗ്രൂപ് ‘ബി’യിൽ ഏറ്റവും ദുർബലരായിരുന്നു ഇന്ത്യ, റാങ്കിങ്ങിലും കളി മികവിലും താരങ്ങളുടെ ശരീരിക മികവിലുമെല്ലാം. ഗോളും പോയൻറുമൊന്നുമില്ലെങ്കിലും ശക്തരായ എതിരാളികൾക്കെതിരെ പിടിച്ചു നിന്നുവെന്ന് ആശ്വസിക്കാം. ഫുട്ബാൾ അതിവേഗം വളരുന്ന, യൂത്ത് തലങ്ങളിൽ ശക്തരായ ടീമുകളെ കെട്ടിപ്പടുക്കുന്ന ഉസ്ബെകിസ്താനും ആസ്ട്രേലിയയും പോലെയുള്ള എതിരാളികളുമായി ഏറ്റുമുട്ടിയത് മികച്ച മത്സരങ്ങളുടെ ചൂടറിയാൻ രാഹുലും സഹലും ഉൾപ്പെടെ താരങ്ങൾക്ക് സഹായകമായി.
‘എന്റെ കൈയിൽ മാന്ത്രിക വടിയില്ല.. ഞാനൊരു മാന്ത്രികനുമല്ല’ -സിറിയക്കെതിരെയും തോൽവി വഴങ്ങിയതിനു പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
തുടർച്ചയായി മൂന്നു മത്സരങ്ങളിലും തോറ്റ് ‘ബ്ലൂ ടൈഗേഴ്സ്’ നിരാശപ്പെടുത്തുമ്പോൾ കോച്ചിനെയോ കളിക്കാരെയോ കുറ്റപ്പെടുത്താൻ കഴിയില്ലെന്നു സാരം. ചൊവ്വാഴ്ച അൽ ബെയ്ത് സ്റ്റേഡിയത്തിലെ മത്സരത്തിനു ശേഷം കോച്ച് സ്റ്റിമാക് ചൂണ്ടിക്കാണിച്ചതിലുണ്ട് എല്ലാം... ‘നോക്കൂ സിറിയക്കുവേണ്ടി വിജയ ഗോൾ നേടിയ ഏഴാം നമ്പർ താരം ഉമർ ഖർബിന്റെ മാർകറ്റ് മൂല്യം. 50 ലക്ഷം ഡോളറാണ് യു.എ.ഇ ക്ലബിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന താരത്തിന്റെ വിപണിമൂല്യം. എന്നാൽ, ഇന്ത്യയുടെ 11 പേരുടെ ആകെ മൂല്യം അതിലും പകുതി മാത്രമേ വരൂ’. കോച്ച് സ്റ്റിമാക് ചൂണ്ടികാണിച്ചത് ഒരു കണക്ക് മാത്രമാണ്. ഇന്ത്യൻ ഫുട്ബാൾ ലോകവേദിയിൽ മികച്ച പ്രകടനം നേടാനും മെച്ചപ്പെടാനും ഇനിയുമേറെ യാത്രചെയ്യണമെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.
‘നമ്മുടെ ഫുട്ബാളും മാറുന്നുണ്ട്. എന്നാൽ, നമുക്ക് പിന്നിലുണ്ടായിരുന്നവർ അതിവേഗത്തിൽ മാറുമ്പോൾ, നമ്മുടെ മാറ്റം വളരെ പതുക്കെയെന്നുമാത്രം. അടിസ്ഥാനപരമായി ഏറെ കാര്യങ്ങളിൽ മെച്ചപ്പെടാനുമുണ്ട്. ലോകനിലവാരമുള്ള സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളും വേണം, ഗ്രാസ്റൂട്ട് പരിശീലന സംവിധാനങ്ങൾ, ദീർഘകാല പദ്ധതികൾ എന്നിവ വേണം’ -അദ്ദേഹം വിശദീകരിക്കുന്നു. അണ്ടർ 17, 20, 23 തലങ്ങളിൽ ഏഷ്യൻകപ്പിന് യോഗ്യതപോലും നേടാൻ കഴിയാതെ എങ്ങനെ സീനിയർ തലത്തിൽ മികച്ച ഫുട്ബാൾ ടീമിന് കെട്ടിപ്പടുക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. ജൂനിയർ തലത്തിൽ ഫുട്ബാൾ വികസനത്തിന് കൂടുതൽ പദ്ധതികൾ വേണം, മികച്ച മത്സരങ്ങളിലും പങ്കാളികളാകണം. സുനിൽ ഛേത്രിയെന്ന 39കാരനെ സെൻറർ ഫോർവേഡിൽ ആശ്രയിക്കേണ്ടിവരുന്നതും ഇന്ത്യൻ ഫുട്ബാളിന്റെ വിഭവ ദാരിദ്ര്യത്തെ തുറന്നുകാണിക്കുന്നു.
മികച്ച ഇന്ത്യൻ സെൻറർഫോർവേഡിനെ സൃഷ്ടിക്കാൻ താഴെതട്ടിൽ കഴിയുന്നില്ലെന്ന് ആവർത്തിക്കുകയാണ് ഇന്ത്യൻ കോച്ച്.
ദോഹ: മുൻ ചാമ്പ്യന്മാരായ ജപ്പാൻ ഏഷ്യൻ കപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ് ഡിയിലെ മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന് ഇവർ ഇന്തോനേഷ്യയെ തോൽപിച്ചു. ആദ്യ രണ്ടു കളികൾ ജയിച്ച് നോക്കൗട്ടിലെത്തിയ ഇറാഖ് ഇന്നലെ വിയറ്റ്നാമിനെ 3-2ന് തോൽപിച്ച് ഒമ്പതു പോയന്റോടെ ഗ്രൂപ് ജേതാക്കളായി. ജപ്പാൻ (6) രണ്ടാമതെത്തി. ഇറാഖിനെതിരെ ഒന്നാം പകുതിയുടെ ആഡ് ഓൺ ടൈമിൽ ഖുവാത് വാൻ ഖാങ് ചുവപ്പുകാർഡ് കണ്ടതോടെ രണ്ടാം പകുതി മുഴുവൻ പത്തു പേരുമായാണ് വിയറ്റ്നാം കളിച്ചത്. ഇറാഖ് (2-1) ജയമുറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിൽ വീണ രണ്ടു പെനാൽറ്റി ഗോളുകൾ കളി ആവേശകരമാക്കി. എൻഗുയെൻ ഖ്വാങ് ഹായിയി (90+1) പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ സമനിലയിലാവുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ 12ാം മിനിറ്റിൽ ഇറാഖിനും പെനാൽറ്റി. അയ്മൻ ഹുസൈനാണ് ഇത് ഗോളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.