ലണ്ടൻ: വിജയത്തുടർച്ചയുടെ സുവർണനാളുകളിലേക്ക് ഏറെ വൈകിയെങ്കിലും തിരിച്ചുവന്ന ആഘോഷത്തിൽ മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തിഹാദ് മൈതാനത്ത് വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തരിപ്പണമാക്കിയ ടീം സമീപനാളുകളിലെ തുടർച്ചയായ രണ്ടാം ജയമാണ് കുറിച്ചത്.
എർലിങ് ഹാലൻഡ് രണ്ടുവട്ടം വലകുലുക്കി. 42, 55 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്‍റെ ഗോളുകൾ. 58ാം മിനിറ്റിൽ ഫിൽ ഫോഡനും സിറ്റിക്കായി വല ചലിപ്പിച്ചു. പത്താം മിനിറ്റിൽ തന്നെ വെസ്റ്റ്ഹാം താരം വ്ലാഡ്മിർ കൂഫൽ വക സെൽഫ് ഗോളിലൂടെ സിറ്റി ലീഡെടുത്തിരുന്നു. 71ാം മിനിറ്റിൽ ഫുൾക്രൂഗ് വെസ്റ്റ്ഹാമിനായി ആശ്വാസ ഗോൾ നേടി.
അലക്സാണ്ടർ ഇസാക് ഒരിക്കലൂടെ ഗോൾ കുറിച്ച ദിനത്തിൽ ന്യുകാസിൽ കരുത്തരായ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി. വിജയികൾക്കായി ഗോർഡനും വല കുലുക്കിയപ്പോൾ ടോട്ടൻഹാമിന്റെ ആശ്വാസ ഗോൾ സോളങ്കി വകയായിരുന്നു. മറ്റൊരു പ്രധാന മത്സരത്തിൽ കരുത്തരായ ചെൽസിയെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചു.14ാം മിനിറ്റിൽ കോൾ പാമറിലൂടെ മുന്നിലെത്തിയ ചെൽസി വിജയം ഉറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റുകളിൽ ഫിലിപ് മറ്റേറ്റയുടെ അപ്രതീക്ഷിത ഗോളെത്തിയത്. 82ാം മിനിറ്റിലായിരുന്നു സമനില ഗോൾ.
ബ്രൈറ്റണുമായി സമനില വഴങ്ങിയതോടെ ഒന്നാമതുള്ള ലിവർപൂളുമായി ലീഡ് കുറക്കാനുള്ള സുവർണാവസരമാണ് ആഴ്സണൽ നഷ്ടപ്പെടുത്തിയത്. 16ാം മിനിറ്റിൽ ഏതൻ ന്വാനേരിയിലൂടെ ആഴ്സണലാണ് ആദ്യം ലീഡെടുത്തത്. 61ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീൽ താരം ജാവോ പെഡ്രോ ബ്രൈറ്റണെ ഒപ്പമെത്തിച്ചു. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല 2-1ന് ലെസ്റ്ററിനെയും ബോൺമൗത്ത് 1-0ന് എവർണടെയും തോൽപിച്ചു.
18 മത്സരങ്ങളിൽനിന്ന് 45 പോയന്‍റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള ആഴ്സണലിന് 20 മത്സരങ്ങളിൽനിന്ന് 40 പോയന്‍റും. 19 മത്സരങ്ങളിൽനിന്ന് 37 പോയന്‍റുമായി നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാമതും 20 മത്സരങ്ങളിൽനിന്ന് 36 പോയന്‍റുമായി ചെൽസി നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.