2020 സെപ്റ്റംബറിൽ പ്രിമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലക്കൊപ്പം ചേരുമ്പോൾ എമി മാർടിനെസ് മുൻനിര ഗോൾകീപർമാരുടെ പട്ടികയിൽ എവിടെയുമുണ്ടായിരുന്നില്ല. തൊട്ടുമുമ്പു വരെ കളിച്ച ടീമിന്റെ ഒന്നാം നമ്പർ ഗോളിയായി ഒരിക്കലും പരിഗണിക്കപ്പെടാതെ പോയവൻ. പരിക്കുപറ്റിയും മറ്റും കൂടെയുള്ളവർ വിട്ടുനിന്നപ്പോൾ മാത്രം വല കാക്കാൻ നിയോഗിക്കപ്പെടുകയെന്ന ദുഷ്പേര് പേറിയവൻ. കഴിഞ്ഞ പതിറ്റാണ്ടിൽ 13 തവണ മാത്രമായിരുന്നു ഗണ്ണേഴ്സ് ജഴ്സിയിൽ പ്രിമിയർ ലീഗ് കളിക്കാൻ ഇറങ്ങിയത്. ഗണ്ണേഴ്സിനു വേണ്ടാഞ്ഞ്, ആറു തവണ മറ്റു ടീമുകൾക്കായി വായ്പ നൽകപ്പെടുകയും ചെയ്തു.
എന്നിട്ടും പതറാതെ തന്റെ സമയത്തിനായി ക്ഷമയോടെ നിന്നവനെ കാത്ത് നീൽ കട്‍ലർ എന്ന ഗോൾകീപിങ് കോച്ചുണ്ടായിരുന്നു. ഇരുവരും ഒത്തുചേർന്നതോടെ എമിയുടെയും വില്ലയുടെയും ഷോകേസിലിപ്പോൾ മെഡലുകളുടെ കൂമ്പാരമാണ്. ഫിഫയുടെ മികച്ച ഗോൾകീപർക്കുള്ള പുരസ്കാരം അതിൽ അവസാനത്തേത് മാത്രം.
‘പ്രിമിയർ ലീഗിലെ രണ്ടാം നമ്പർ ഗോളി ചെറിയ സമയത്തിനകം ലോകകപ്പ് നേടുകയെന്നത് തുല്യതയില്ലാത്ത വഴിയാണെന്നും ഇച്ഛയും ജോലിയോടുള്ള കടപ്പാടും ചേർന്നാണ് ഈ അതിവേഗ വളർച്ച സഫലമാക്കിയതെന്നും കട്‍ലർ പറയുന്നു. കട്‍ലർ കഴിഞ്ഞ ഒക്ടോബറിൽ ടീം വിട്ടിട്ടും ഖത്തറിൽ അർജന്റീന ലോകകിരീടം മാറോടുചേർത്തയുടൻ മാർടിനെസ് തന്റെ പ്രിയ കോച്ചിനെ നേരിട്ട് വിളിച്ച് വിവരം അറിയിക്കാൻ മറന്നിരുന്നില്ല. അത്രക്കായിരുന്നു ഇരുവരും തമ്മിലെ ആത്മബന്ധം.
കളിക്കിടെയുള്ള കോപ്രായങ്ങൾക്കും ഗോൾഡൻ ഗ്ലോവ്സ് പുരസ്കാരം കൈയിൽ പിടിച്ചുള്ള അതിരുവിട്ട ആഘോഷവും മുന്നിൽനിർത്തി എമിയെ കുറ്റപ്പെടുത്തുന്നവരോട് കട്‍ലർക്ക് പറയാനുള്ളത് മറ്റു ചിലതാണ്- ‘‘തന്റെ ലക്ഷ്യത്തിനായി എല്ലാം ഉഴിഞ്ഞുവെക്കുന്നവൻ. പിറ്റേന്ന് കളിക്കിറങ്ങുമ്പോൾ പൂർണ ഫിറ്റ്നസിലാണെന്ന് ഉറപ്പാക്കാൻ അർധ രാത്രിയിലും നീന്താൻ ഇറങ്ങുന്നവൻ..’’ അങ്ങനെ പലതും.
ഗണ്ണേഴ്സിനൊപ്പം ആദ്യ ഇലവനിൽ ഇറങ്ങാൻ അവസരം ലഭിക്കുന്നത് 2019-20 കോവിഡ് കാലത്ത് എമിറേറ്റ്സ് മൈതാനത്ത് ഒന്നാം നമ്പർ കോച്ച് ബേർൺഡ് ലെനോക്ക് പരിക്കു പറ്റിയപ്പോഴായിരുന്നു. പിന്നീട് 11 കളികളിൽ തുടർച്ചയായി മാർടിനെസ് ഇറങ്ങി. ചെൽസിയെ വീഴ്ത്തിയ എഫ്.എ കപ്പ് ഫൈനലിൽ വരെ താരസാന്നിധ്യമായി. അതുകഴിഞ്ഞ് വീണ്ടും പുറത്തിരിക്കുന്നതിനിടെയായിരുന്നു വില്ലയിൽനിന്ന് വിളിയെത്തുന്നത്.
ആദ്യ ഇലവനിൽ ഇടമില്ലാതൊരാളെ ടീമിലെത്തിക്കാൻ ശരിക്കും പണിപ്പെടേണ്ടിവന്നുവെന്ന് പറയുന്നു, കട്‍ലർ.
എന്നാൽ, ടീമിലെത്തിയതോടെ തുടക്കത്തിലേ എമി കസറി. പ്രിമിയർ ലീഗിൽ ഏറെ പിന്നിലായിരുന്ന ടീമിനായി ഇറങ്ങിയ ആദ്യ ഏഴു കളികളിൽ നാലിലും ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ്.
മാരക ഫോം പുറത്തെടുത്തതോടെ അർജന്റീന കോച്ചിന്റെ കണ്ണും എമിയിലുടക്കി. 2021 ജൂണിൽ ദേശീയക്കുപ്പായത്തിൽ കന്നിയിറക്കം. കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുള്ള താരവും എമിയായിരുന്നു- ആറു കളികളിൽ നാല്.
2022 ലോകകപ്പിലെത്തുമ്പോൾ അർജന്റീന വലക്കു മുന്നിൽ മറ്റു സാധ്യതകളേയില്ലായിരുന്നു- എമി മാത്രം. ഫ്രാൻസും എംബാപ്പെയും കൊമ്പുകുലച്ചെത്തിയ ഫൈനലിലും താരം വലിയ സാന്നിധ്യമായി.
2021 സെപ്റ്റംബറിൽ വില്ല- യുനൈറ്റഡ് പോരാട്ടത്തിനിടെ യുനൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നു. കിക്കെടുക്കുന്നത് ബ്രൂണോ ഫെർണാണ്ടസ്. മുന്നിലെത്തിയ ബ്രൂണോയുടെ കാതുകളിൽ ചെന്ന് ചെറുതായൊരു ‘ഉപദേശം’. കിക്കെടുക്കേണ്ടിയിരുന്നത് നിങ്ങളല്ല, ക്രിസ്റ്റ്യാനോ ആയിരുന്നെന്ന്. പിന്നീട് സംഭവിച്ചത് എന്തായിരുന്നുവെന്ന് വിശദീകരണമാവശ്യമില്ല. ബ്രൂണോയെടുത്ത കിക്ക് പുറത്തേക്ക്. പലപ്പോഴും മാനസികമായി മുൻതൂക്കം ഉറപ്പിക്കുംവിധമാകും വലക്കുമുന്നിൽ എമിയുടെ പ്രകടനങ്ങൾ. ഫൈനലിൽ ഫ്രഞ്ച് താരങ്ങൾ കിക്കെടുക്കാനെത്തിയപ്പോഴും അതുതന്നെ കണ്ടു. എംബാപ്പെ മാത്രമായിരുന്നു മൂന്നുവട്ടം താരത്തെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.