കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിൽ മൂന്നിലും വിജയിച്ച കേരളം ഗ്രൂപ് എച്ച് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ ആദ്യ രണ്ടുമത്സരങ്ങളിലും വിജയിച്ച ആതിഥേയർക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാൻ പുതുച്ചേരിയോട് സമനില മാത്രം മതിയായിരുന്നെങ്കിലും എതിരാളികൾക്ക് ഏഴു ഗോളുകൾ നൽകിയാണ് ഹൈദരാബാദിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ റെയിൽവേസിനെ 1-0ത്തിനും ലക്ഷദ്വീപിനെതിരെ 10-0ത്തിനും തകർത്ത കേരളം ഒമ്പതു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി.
ഇന്നലെ സ്ട്രൈക്കർമാരായ ഇ. സജീഷും നസീബ് റഹ്മാനും നേടിയ ഇരട്ടഗോളുകൾ കേരളത്തിന്റെ ഗോൾവേട്ടയുടെ എണ്ണപ്പെരുപ്പത്തിന് കരുത്തുകൂട്ടി. പത്താം മിനിറ്റിൽ കേരളത്തിനു ലഭിച്ച പെനാല്‍റ്റി ഗനി അഹമ്മദ് നിഗം ഗോളാക്കി. 14ാം പി.ടി. മുഹമ്മദ് റിയാസ് അസിസ്റ്റ് ചെയ്ത പന്ത് എല്ലാ പ്രതിരോധങ്ങളെയും വകഞ്ഞുമാറ്റി നസീബ് റഹ്മാന് വലയിലെത്തിച്ചു. ഏകപക്ഷീയമായ കളി തുടർന്ന കേരളത്തിന്റെ ഇ. സജീഷ് 19ാം മിനിറ്റില്‍ ഗോള്‍ നേടി. പത്ത് മിനിറ്റിനുള്ളിൽ പിറന്നത് മൂന്ന് ഗോളുകളായിരുന്നു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റി ഡേവിസ് 53ാം മിനിറ്റില്‍ എം. മനോജ് നല്കിയ പന്തിൽ തലവെച്ച് ഗോളി പി.എസ്. യശ്വന്തിനെ മറികടന്ന് വലയിലെത്തിച്ചതോടെ നാലിലേക്കുയർന്നു. 65ാം മിനിറ്റില്‍ നസീബ് റഹ്മാനും 67ൽ സജീഷും ഗോള്‍ നേടിയതോടെ 6-0 . ടി. ഷിജിൻ 71ാം മിനിറ്റിൽ പട്ടിക തികച്ചു.
ഗ്രൂപ് മത്സരങ്ങളിൽ ഒരു ഗോള്‍പോലും കേരളത്തിന്റെ വലയിൽ എത്തിയില്ല. ആകെ 18 ഗോളുകള്‍ നേടാനും കഴിഞ്ഞു. മൂന്നു കളിയിൽ ആറുപോയന്റുമായി റെയിൽവേസാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നു കളിയിൽ മൂന്നുപോയന്റാണ് പുതുച്ചേരിക്കുള്ളത്. ലക്ഷദ്വീപിന് ഒരു പോയന്റും ഗ്രൂപ്പിൽ നേടാൻ കഴിഞ്ഞില്ല. രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് പവൻ വിജയ് മാലിയുടെ ഏകഗോളിൽ ലക്ഷദ്വീപിനെ 1-0ന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.