ബാഴ്സക്കും അത്ലറ്റിക്കിനും ജയം; അത്ലറ്റിക്കോയെ സമനിലയിൽ പൂട്ടി ഗെറ്റാഫെ

ലാലീഗയിൽ ബാഴ്ണലോണക്കും വിയ്യാ റയലിനും അത്ലറ്റിക് ക്ലബിനും ജയം. അത്ലറ്റികോ മാഡ്രിഡിന് സമനില. താരതമ്യേന ദുർബലരും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായി അൽമേരിയ ബാഴ്സലോണയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്(3-2) കാറ്റാലൻ പട ജയിച്ച് കയറിയത്.

ബാഴ്സക്കായി സെർജിയോ റൊബർട്ടോ ഇരട്ടഗോൾ നേടി. 33ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്സയാണ് ആദ്യ ലീഡെടുത്തതെങ്കിലും 41ാം മിനിറ്റിൽ ലിയോ ബാപ്റ്റിസ്റ്റ അൽമേരിയക്കായി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ സെർജിയോ റോബർട്ടോ ഗോൾ കണ്ടെത്തിയതോടെ ബാഴ്സ വീണ്ടും ലീഡെടുത്തു (2-1). 71ാം മിനിറ്റിൽ ഈഗർ ഗോൺസാലസിലൂടെ വീണ്ടും അൽമേരിയ സ്കോർ തുല്യമാക്കി (2-2). ഒടുവിൽ 83ാം മിനിറ്റിൽ സെർജിയോ റോബർട്ടോ തന്നെയാണ് ബാഴ്സക്കായി വിജയഗോൾ നേടുന്നത്.

ലാലീഗയിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ ഗെറ്റാഫെ സമനിലയിൽ തളിച്ചു(3-3). മത്സരത്തിന്റെ 38ാം മിനിറ്റിൽ പ്രതിരോധതാരം സ്റ്റെഫാൻ സവിക് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയതാണ് അത്ലറ്റികോക്ക് പാരയായത്. അത്ലറ്റിക്കോക്ക് വേണ്ടി അന്റോണിയോ ഗ്രീസ്മാൻ രണ്ടും അൽവാരോ മോരാട്ട ഒരു ഗോളും നേടി. ബോർജ മയോറലാണ് ഗെറ്റാഫക്കായി ഇരട്ടഗോൾ നേടിയത്. ഓസ്കാർ റോഡ്രിഗസ് ഒരു ഗോളും നേടി.

മറ്റൊരു മത്സരത്തിൽ അത്ലറ്റിക്ക് ക്ലബ് ഒരു ഗോളിന് ലാസ് പാൽമാസിനെ തോൽപ്പിച്ചു. ഇഞ്ചുറി ടൈമിൽ യൂണെ ഗോമസാണ് വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ വിയ്യാ റയൽ രണ്ടിനെതിരെ മൂന്ന് ഗോളിന് (3-2) സെൽറ്റ വിഗോയെ കീഴടക്കി.

ലാലീഗ പോയിന്റ് പട്ടികയിൽ ജിറോണ എഫ്.സി 17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി ഒന്നാമത് തുടരുന്നു. 42 പോയിൻറുമായി റയൽ രണ്ടാമതും 18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ബാഴ്സലോണ മൂന്നാമതും തുടരുന്നു. 35 പോയിന്റ് വീതമുള്ള അത്ലറ്റിക്കോ മാഡ്രിഡ്, അത്ലറ്റിക് ക്ലബ് എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. 

Tags:    
News Summary - Barcelona and Villa Real win; Getafe tied Atletico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.