ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിൽ കേരളതാരം മുഹമ്മദ്‌ അജ്സലിന്റെ മുന്നേറ്റം തടയുന്ന ബംഗാൾ താരങ്ങൾ       ചിത്രം- ബൈജു കൊടുവള്ളി

കേരളം-ബംഗാൾ ഫൈനൽ: വലകുലുങ്ങാതെ ആദ്യപകുതി; പോരാട്ടം ഒപ്പത്തിനൊപ്പം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം ഇടവേളക്കു പിരിയുമ്പോൾ കേരളവും ബംഗാളും ഒപ്പത്തിനൊപ്പം. ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇരുടീമുകളും ആദ്യപകുതിയിൽ പ്രതിരോധത്തിൽ ​ശ്രദ്ധ ചെലുത്തിയാണ് പന്തുതട്ടിയത്.

മത്സരത്തിന്‍റെ ആദ്യമിനിറ്റുകളിൽ മുന്നേറ്റങ്ങളിൽ ബംഗാൾ മുന്നിട്ടുനിന്നെങ്കിലും പതിയെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ നാലു മിനിറ്റുകളിൽ പന്തുകൈവശം വെക്കുന്നതിൽ ബംഗാളിനായിരുന്നു മുൻതൂക്കം. എന്നാൽ, പതിയെ കേരളം കയറിയെത്താൻ തുടങ്ങി. വിങ്ങുകളിലൂടെ ആക്രമിക്കുകയായിരുന്നു കേരളത്തിന്റെ തന്ത്രം. എന്നാൽ, എതിർപ്രതിരോധം മുനയിലേ അപകടം നുള്ളിയതോടെ ഉറച്ച അവസരങ്ങൾ അന്യംനിന്നു.

ആറാം മിനിറ്റിൽ ബംഗാൾ ബോക്​സിൽ കേരളത്തിന്‍റെ അറ്റാക്കിങ്​ മിഡ്​ഫീൽഡർ നസീബ്​ റഹ്​മാന്‍റെ റെയ്​ഡ്​. ഇടതു ബോക്സിൽനിന്ന്​ ഷോട്ടുതിർക്കും മുമ്പ്​ പ്രതിരോധ താരം ബിക്രം പ്രധാൻ ടാക്കിളിലൂടെ രക്ഷക്കെത്തി. രണ്ടു മിനിറ്റിന്​ ശേഷം നിജോയും റിയാസും ചേർന്ന മറ്റൊരു നീക്കവും കണ്ടു. റോബി ഹൻസ്​ദായും സൂഫിയാനും മനതോസ്​ മാജിയും ചേർന്ന ബംഗാൾ മുന്നേറ്റം ഇടക്കിടെ കേരള ബോക്സിലും ഗോൾ സാധ്യത തേടി കറങ്ങി നടന്നു.

11-ാം മിനിറ്റിൽ നിജോയുടെ കൃത്യതയാർന്ന ക്രോസ്​ ബോക്സിൽ അജ്​സലിന്‍റെ തലക്കുപാകമായി വന്നിറങ്ങി. അജ്​സലിന്‍റെ ഹെഡർ പക്ഷേ, ക്രോസ്​ബാറിനെ തൊട്ടുരുമി കടന്നുപോയി. 19-ാം മിനിറ്റിൽ എതിർ താരത്തിൽനിന്ന്​ പന്ത്​ പിടിച്ചെടുത്ത്​ ​അജ്​സൽ ഷോട്ട്​ പായിച്ചെങ്കിലും പുറത്തേക്കായി.

ഇരു വിങ്ങിലൂടെയും കേരളം മാറി മാറി ആക്രമണം മെനഞ്ഞപ്പോൾ ബംഗാളിന്​ പലപ്പോൾ പരുക്കൻ അടവ്​ പുറത്തെടുക്കേണ്ടി വന്നു. അജ്​സലിനെയും നസീബിനെയും ഫൗൾ ചെയ്തതിന്​ ബംഗാളിന്‍റെ പ്രതിരോധ താരങ്ങളായ ജുവൽ അഹ്​മദും ബിക്രം പ്രധാനും ആദ്യ പകുതിയിൽ മഞ്ഞക്കാർഡ്​ കണ്ടു. നസീബിനെ വീഴ്ത്തിയതിന്​ 34ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്​ എടുത്ത ക്യാപ്​റ്റൻ സഞ്ജു ഗണേഷ് പന്ത്​ നസീബിലേക്കെത്തിച്ചു.

ആദ്യ പകുതി അവസാനിക്കാൻ അഞ്ചുമിനിറ്റ്​ ശേഷിക്കെ, നസീബിനെ വീഴ്ത്തിയതിന്​ ലഭിച്ച ഫ്രീകിക്ക്​ ബംഗാൾ താരം ഹെഡ്​ ചെയ്​തകറ്റിയത്​ പിടിച്ചെടുത്ത മുഷറഫ്​ ഷോട്ടെടുത്തെങ്കിലും പന്ത്​ ലക്ഷ്യത്തിൽനിന്ന്​ മാറി. ബംഗാളിന്‍റെ ഒറ്റപ്പെട്ട പല മുന്നേറ്റങ്ങളും കേരളത്തിന്‍റെ ഓഫ്​സൈഡ്​ കെണിയിൽ കുടുങ്ങി.

മുൻനിര ലക്ഷ്യബോധം പ്രകടമാക്കാതിരുന്നതും ആദ്യപകുതിയിൽ കേരളത്തിന് തിരിച്ചടിയായി. മികച്ച ഒത്തിണക്കവും ആസൂത്രണവുമായി വംഗനാടൻ ഗോൾമുഖത്തേക്ക് കടന്നുകയറുകയും ഗോളി സൗരവിനെ പരീക്ഷിക്കുകയും ചെയ്യുകയെന്നത് നടക്കാതെ പോവുകയായിരുന്നു.

ഒരു മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പ്രതിരോധ താരം എം. മനോജിനു പകരം ആദിൽ അമൽ പ്ലെയിങ് ഇലവനിലെത്തി. സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 17ാം ഫൈനൽ പോരാട്ടത്തിൽ എട്ടാം കിരീടംതേടിയാണ് കേരളം ഇറങ്ങിയത്. 47ാം ഫൈനൽ കളിക്കുന്ന ബംഗാളിന് 33ാം കിരീടമാണ് ലക്ഷ്യം. മ​ണി​പ്പൂ​രി​നെ​തി​രാ​യ സെ​മി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാണ് ​മ​നോ​ജ്​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യത്. 

Tags:    
News Summary - Santhosh Trophy: Kerala-Bengal match with a draw in the first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.