ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ഫൈനൽ മത്സരം വീക്ഷിക്കാൻ കേരള ടീമിന്‍റെ സെലക്ടർമാരായ കെ.ടി. ചാക്കോ, പ്രഹ്ലാദൻ, കെ.എഫ്.എ ഭാരവാഹി റജിനാൾഡ്, ഫുട്ബാൾ പരിശീലകൻ പ്രതാപൻ എന്നിവർ വി.ഐ.പി ഗാലറിയിലുണ്ടാവും. സെമിഫൈനൽ പോരാട്ടത്തിന് മുമ്പു തന്നെ ഇവർ ഹൈദരാബാദിലെത്തിയിരുന്നു.
സെമി ഫൈനലിൽ മികച്ച പ്രകടനമായിരുന്നു കേരളത്തിന്‍റേതെന്നും ഇത്തവണ സാഹചര്യങ്ങൾ അനുകൂലമാണെന്നും കിരീടമുയർത്താൻ കേരളത്തിന് കഴിയുമെന്നും അവർ പറഞ്ഞു. കേരളത്തിന്‍റെയും ബംഗാളിന്‍റെയും കളിരീതി ഒന്നാണെന്ന് കെ.ടി. ചാക്കോ ചൂണ്ടിക്കാട്ടി. മതിയായ പരിശീലനമില്ലാതെയാണ് ടീം ഗ്രൂപ്പ് ഘട്ടത്തിൽ റെയിൽവേസിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയത്.
‘ടീം അംഗങ്ങൾ ഒരുമിച്ച് അഞ്ച് ദിവസം മാത്രമാണ് പരിശീലനം നടത്തിയത്. ഓരോ കളി കഴിയുംതോറും ടീം കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഈ പിള്ളേരിൽ പ്രതീക്ഷയുണ്ട്’ -ചാക്കോ പറഞ്ഞു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിന് വീഴ്ത്തിയാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്.
ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. കളിയുടെ അന്ത്യത്തിൽ കേരളത്തിന്‍റെ പ്രതിരോധ താരം മനോജ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ 16ാം ഫൈനൽ പ്രവേശനമാണിത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.