വാസ്കോ: ഓരോ കളിയിലും സ്ഥാനങ്ങൾ മാറിമറിയുന്ന ഐ.എസ്.എല്ലിൽ ഇന്ന് ക്ലാസിക് പോരാട്ടം. മുൻനിരയിലുള്ള എ.ടി.കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും കൊമ്പുകോർക്കുമ്പോൾ തിലക് മൈതാനത്തെ പുൽനാമ്പുകൾക്ക് തീപിടിക്കും. ഒന്നാമതുള്ള ഹൈദരാബാദിനും എ.ടികെക്കും 29 പോയന്റ് വീതമാണ്. ഇന്ന് ജയിച്ചാൽ കൊൽക്കത്തക്കാർക്ക് മൂന്നു പോയന്റ് ലീഡ് നേടാം.
26 പോയന്റുള്ള ബ്ലാസ്റ്റേഴ്സിന് ജയിച്ചാൽ ജാംഷഡ്പുരിനെ (28) മറികടന്ന് ഹൈദരാബാദിനും എ.ടി.കെക്കുമൊപ്പമെത്താം. വിദേശ താരങ്ങളായ റോയ് കൃഷ്ണയുടെയും ഡേവിഡ് വില്യംസിന്റെയും അഭാവത്തിൽ സ്കോറിങ് ദൗത്യം ഏറ്റെടുത്ത ലിസ്റ്റൺ കൊളാസോയുടെയും (7) മൻവീർ സിങ്ങിന്റെയും (5) മിന്നുംഫോമാണ് എ.ടി.കെ കോച്ച് യുവാൻ ഫെറാൻഡോക്ക് ആത്മവിശ്വാസം നൽകുന്നത്.
പ്രതിരോധ കെട്ടുറപ്പിലാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ. സസ്പെൻഷൻ കഴിഞ്ഞ് മാർകോ ലെസ്കോവിചും ഹർമൻജോത് ഖബ്രയും തിരിച്ചെത്തുന്നത് ടീമിന് കരുത്തുപകരും. മുൻനിരയിലെ അഡ്രിയാൻ ലൂന-അൽവാരോ വാസ്ക്വസ്-ജോർഹെ പെരേര ഡയസ് ത്രയം ഫോമിലായാൽ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയോടേറ്റ 4-2 പരാജയത്തിന് കണക്കുതീർക്കാനുണ്ട് ബ്ലാസ്റ്റേഴ്സിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.