യൂട്യൂബിൽ സ്വന്തം ചാനലുമായി ക്രിസ്റ്റ്യാനോ; ‘മിസ്റ്റർ ബീസ്റ്റ്’ അപകടത്തിലെന്ന് ആരാധകർ!

യൂട്യൂബില്‍ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.

‘യുആർ ക്രിസ്റ്റ്യാനോ’ എന്നാണ് ചാനലിന്‍റെ പേര്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്‍റെ പേജ് സബ്‌ സ്‌ക്രൈബ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് സി.ആർ 7. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്. ‘എന്തൊക്കെയുണ്ട് കൂട്ടുകാരെ? നിങ്ങൾക്കായി വലിയ സർപ്രൈസുണ്ട്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. യൂട്യൂബിൽ പോയി യുആർ ക്രിസ്റ്റ്യാനോ സർച്ച് ചെയ്യൂ, SIUUUscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 11 വിഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മിസ്റ്റർ ബീസ്റ്റിനെ ക്രിസ്റ്റ്യാനോ ഉടൻ മറികടക്കുമെന്ന് പല ആരാധകരും പ്രതികരിച്ചു. എക്കാലത്തെയും മികച്ച യൂട്യൂബർ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. താരത്തെ വിമർശിച്ചും നിരവധി കമന്‍റുകൾ നിറയുന്നുണ്ട്. ഫുട്ബാളിൽ പരാജയപ്പെട്ടതോടെ താരം യൂട്യൂബിലേക്ക് വഴിമാറിയെന്നും മെസ്സിയായിരുന്നെങ്കിൽ ആദ്യ ഒരു മണിക്കൂറിൽ അഞ്ചു മില്യൺ സബ്‌ സ്‌ക്രൈബർമാരുണ്ടാകുമെന്നും മറ്റൊരു ആരാധകൻ പ്രതികരിച്ചു.

Full View

ആദ്യത്തെ ഒരു മണിക്കൂറിൽ ഒരു മില്യൺ സബ്‌ സ്‌ക്രൈബർമാരെയാണ് ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനലിന് ലഭിച്ചത്. ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വേഗത്തിൽ ഒരു മില്യൺ കടക്കുന്ന ചാനലെന്ന റെക്കോഡ് താരം സ്വന്തമാക്കി. യൂട്യൂബ് ചാനലില്‍, ഫുട്‌ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കായിക താരമാണ് ക്രിസ്റ്റ്യാനോ.

Tags:    
News Summary - Cristiano Ronaldo Launches YouTube Channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.