കോഴിക്കോട്: കടൽ കടന്നെത്തിയ അയൽക്കാരെ പഞ്ഞിക്കിട്ട് കേരളകുതിപ്പ്. സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലാണ് പച്ചപ്പുൽ മൈതാനത്ത് പന്തുതട്ടി പരിചയക്കുറവുള്ള ലക്ഷദ്വീപുകാർ കരുത്തരായ കേരളത്തിന് മുന്നിൽ എതിരില്ലാത്ത 10 ഗോളിന് തകർന്നടിഞ്ഞത്. പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ ഇ. സജീഷ് കുറിച്ച ഹാട്രിക്കും മുഹമ്മദ് അജ്സൽ, ഗനി അഹമ്മദ് നിഗം എന്നിവരുടെ ഇരട്ട ഗോളുകളും കേരളത്തിന്റെ മേധാവിത്വത്തിന് ആക്കം കൂട്ടി. രണ്ടു വിജയത്തോടെ ആറും പോയന്റും 11 ഗോൾ വ്യത്യാസവുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ മൂന്നുപോയന്റുമായി റെയിൽവേസാണ് രണ്ടാമത്.
ആദ്യ മിനിറ്റുകളില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ ലക്ഷദ്വീപ് പ്രതിരോധം ഏറെ പ്രയാസപ്പെട്ടു. ആറാം മിനിറ്റിൽ മുഹമ്മദ് അജ്സൽ കേരളത്തെ മുന്നിലെത്തിച്ച് ഗോളുത്സവത്തിന് തുടക്കം കുറിച്ചു. ലിജോ ഗില്‍ബര്‍ട്ട് നല്കിയ പാസിലായിരുന്നു ഗോൾ. വലതുവിങ്ങിലൂടെ നിജോയും ഇടതുവിങ്ങിലൂടെ മുഹമ്മദ് അഷ്റഫും ലക്ഷദ്വീപിന്റെ ഗോൾ മുഖത്തേക്ക് തുടർച്ചയായി പന്തെത്തിച്ചുകൊണ്ടിരുന്നു. ഗനി അഹമ്മദ് നിഗം പിറകിലേക്കിറങ്ങി പ്ലേമേക്കര്‍ റോളിൽ കളിച്ച് ലക്ഷദ്വീപിന്റെ നീക്കങ്ങൾക്ക് തടയിട്ടു.
ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ കേരളം രണ്ടാം പകുതിയിൽ ആറെണ്ണം കൂടി അടിച്ചുകയറ്റി. നസീബ് റഹ്മാന്, അര്ജുന്, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോളുകളും കേരളത്തിനായി സ്കോര്‍ ചെയ്തു. ഒമ്പതാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ നസീബ് റഹ്മാനും 20ാം മിനിറ്റില്‍ മുഹമ്മദ് അജ്സലും ലീഡുയർത്തി. 37ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സജീഷ് ഗോള്‍ സ്കോര്‍ ചെയ്തതോടെ കേരളത്തിന്റെ ലീഡ് നാലായി ഉയർന്നു. ആദ്യ പകുതിയില്‍ ഒറ്റത്തവണ മാത്രമാണ് കേരള ഗോള്‍കീപ്പര്‍ ഹജ്മലിനുനേരെ ലക്ഷദ്വീപിന്റെ ആക്രമണമുതിർക്കാനായത്.
കേരളത്തിന്റെ തകർപ്പൻ കളിക്കു മുന്നില്‍ ലക്ഷദ്വീപിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ക്യാപ്റ്റൻ സഞ്ജുവും മനോജും മുഹമ്മദ് മുശർറഫും ആദിൽ അമലും മുഹമ്മദ് റിയാസും തീർത്ത പ്രതിരോധ കോട്ട തകര്‍ക്കാന്‍ ലക്ഷദ്വീപിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 46ാം മിനിറ്റില്‍ അര്‍ജുന്റെ ലോങ് റേഞ്ചര്‍ ഗോളായതോടെ കേരള ലീഡ് അഞ്ചായി. കേരളം ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ബാക് ലൈനിൽ അഞ്ചു താരങ്ങളെവെച്ച് പ്രതിരോധിക്കാനുള്ള ലക്ഷദ്വീപിന്റെ നീക്കവും ഫലം കണ്ടില്ല. 55ാം മിനിറ്റില്‍ ഗനി മുഹമ്മദ് ഗോള്‍ നേടിയപ്പോള്‍ 57ാം മിനിറ്റില്‍ മുഹമ്മദ് മുശർറഫും കേരളത്തിനായി വലകുലുക്കി. 78ാം മിനിറ്റില്‍ ഇ. സജീഷും 81ാം മിനിറ്റില്‍ മുഹമ്മദ് ഗനിയും സ്കോര്‍ ചെയ്തു. മത്സരത്തിന് ഫൈനല്‍ വിസില്‍ വിളിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ എസ്. സജീഷ് മൂന്നാമതും വല കുലുക്കിയതോടെ കേരളത്തിന്റെ ഫൈനല്‍ സ്കോര്‍ പത്ത് ഗോളിലെത്തി. ഞായറാഴ്ച കേരളം പുതുച്ചേരിയെ നേരിടും. വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തില്‍ റെയില്‍വേസ് പുതുച്ചേരിയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ കേരളം റെയിൽവേസിനെ 1-0ന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.