ചുമതലയേറ്റ് ഒരു വർഷം തികയുംമുമ്പ് കോച്ച് റൂഡി ഗാർസിയയെ പുറത്താക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ർ ക്ലബ്. ഡ്രസ്സിങ് റൂമിലെ പ്രശ്നങ്ങൾക്കു പിന്നാലെയാണ് പെട്ടെന്നുള്ള നടപടിയെന്നാണ് സുചന. നിലവിലെ ചാമ്പ്യൻമാരായ അൽഹിലാലിനെതിരെ നിർണായക മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറത്താക്കൽ ടീമിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.
മുമ്പ് എ.എസ് റോമ, ഒളിമ്പിക് മാഴ്സെ ടീമുകളെ പരിശീലിപ്പിച്ച ഗാർസിയ കഴിഞ്ഞ ദിവസം ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ താരങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി എത്തിയിരുന്നു. ദുർബലരായ അൽഫയ്ഹക്കെതിരെയാണ് ഞായറാഴ്ച ടീം ഗോൾരഹിത സമനിലയിൽ കുരുങ്ങിയത്. ‘‘മത്സരഫലം മോശമാണ്. കളിക്കാരുടെ പ്രകടനത്തിൽ ഞാൻ സംതൃപ്തനല്ല’’- എന്നായിരുന്നു ഗാർസിയയുടെ പ്രതികരണം.
റെക്കോഡ് തുകക്ക് റൊണാൾഡോയെ സ്വന്തമാക്കിയ അൽനസ്റിന് അവസാന നാലു മത്സരങ്ങളിൽ ഏഴു പോയിന്റ് മാത്രമാണ് സമ്പാദ്യം. അൽഇത്തിഹാദിന് പിറകിൽ രണ്ടാമതുള്ള ടീമിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. 2019നു ശേഷം കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ 20 കോടി ഡോളർ മുടക്കിയാണ് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചിരുന്നത്.
കരുത്തരായ അൽഇത്തിഹാദ്, അൽഹിലാൽ, അൽശബാബ് ടീമുകൾക്കെതിരായ മത്സരങ്ങളിൽ ടീം ഈ സീസണിൽ ജയിച്ചിട്ടില്ല. നിലവിലെ പ്രകടനം പരിഗണിച്ചാൽ അൽഹിലാലിനെതിരായ മത്സരം ടീമിന് കടുപ്പമേറിയതാകും.
അതേ സമയം, ഗാർസിയയുടെ പിൻഗാമിയായി വമ്പന്മാരെ ടീമിലെത്തിക്കുമോ എന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.