ആൻഫീൽഡിൽ ചെമ്പടയെ പിടിച്ചുകെട്ടി ഫുൾഹാം; ഗണ്ണേഴ്സിനെ തളച്ച് എവർട്ടൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനിലക്കളി! പോയന്‍റ് ടേബിളിലെ മുൻനിരക്കാർ കളത്തിലിറങ്ങിയ ദിനത്തിൽ ലിവർപൂളിനും ആഴ്സണലിനും സമനില.

തകർപ്പൻ ഫോമിലുള്ള ചെമ്പടയെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ 2-2ന് ഫുൾഹാം തളച്ചപ്പോൾ, ആഴ്സണലിനെ ഗോൾരഹിത സമനിലയിൽ എവർട്ടൻ പിടിച്ചുകെട്ടി. ജയിച്ചില്ലെങ്കിലും 36 പോയന്‍റുമായി ലിവർപൂൾ തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലിവർപൂളിനെതിരെ രണ്ടു തവണയും ലീഡെടുത്തത് ഫുൾഹാമായിരുന്നു. കളി തുടങ്ങി 11ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ആന്ദെസ് പെരേര സന്ദർശകരെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയതിന്‍റെ ആഘാതത്തിനിടെ ആതിഥേയർക്ക് മറ്റൊരു തിരിച്ചടികൂടി.

ഫുൾഹാം താരത്തെ ബോക്‌സിന് തൊട്ടുപുറത്ത് ഫൗൾ ചെയ്തതിന് 17ാം മിനിറ്റിൽ ലിവർപൂൾ താരം റോബെർട്‌സൺ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. പത്തുപേരായി ചുരുങ്ങിയെങ്കിലും ആക്രമിച്ച് കളിച്ച ചെമ്പട നിരന്തരം എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിൽതന്നെ (47) കോഡി ഗാപ്‌കോയിലൂടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ റോഡ്രിഗോ മ്യൂനിസിലൂടെ (76) വീണ്ടും സന്ദർശകർ ലീഡുയർത്തി.

ഒടുവിൽ സ്വന്തം തട്ടകത്തിൽ മറ്റൊരു അട്ടിമറി ഒഴിവാക്കാനായി പൊരുതിയ ലിവർപൂൾ 86ാം മിനിറ്റിൽ ഡീഗോ ജോട്ടയിലൂടെ സമനിലപിടിച്ചു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പിന്നിലുള്ള എവർട്ടണോട് ഗോൾരഹിത സമനില വഴങ്ങിയതോടെ ചെൽസിയെ മറികടന്ന് രണ്ടാമതെത്താനുള്ള അവസരമാണ് ആഴ്സണൽ നഷ്ടപ്പെടുത്തിയത്. ലക്ഷ്യത്തിലേക്ക് അഞ്ചുതവണ ഗണ്ണേഴ്‌സ് നിറയൊഴിച്ചപ്പോൾ ഒറ്റഷോട്ടുപോലും എവർട്ടൻ എടുത്തില്ല.

മത്സരത്തിൽ 77 ശതമാനം പന്ത് കൈവശം വെച്ചിട്ടും എതിരാളികളുടെ പ്രതിരോധം മറികടക്കാൻ പേരുകേട്ട ആഴ്സണൽ മുന്നേറ്റത്തിനായില്ല. 16 മത്സരങ്ങളിൽനിന്ന് 30 പോയന്‍റുമായി മൂന്നാമതാണ് ആഴ്സണൽ. രണ്ടാമതുള്ള ചെൽസിക്ക് 31 പോയന്‍റാണെങ്കിലും ഒരു മത്സരം അധികം കളിക്കാനുണ്ട്. മറ്റു മത്സരങ്ങളിൽ ലെസ്റ്ററിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ന്യൂകാസിലും ആസ്റ്റൺ വില്ലയെ 2-1ന് നോട്ടിങ്ഹാം ഫോറസ്റ്റും പരാജയപ്പെടുത്തി.

Tags:    
News Summary - English Premier League: Liverpool, Arsenal Held Draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.