കൊൽക്കത്ത: കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ ഗംഭീരമായി കളിച്ചെങ്കിലും സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യ തോൽവി. രണ്ടാം പകുതിയുടെ അവസാനം, പത്ത് മിനിറ്റിനിടെ രണ്ട് ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോൽവിയിലേക്ക് വീണത്. 86ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്നു ടീം. 33ാം മിനിറ്റിൽ ജാമി മക്ലാറനിലൂടെ ബഗാനാണ് ഗോളടിക്ക് തുടക്കമിട്ടത്. 51ാം മിനിറ്റിൽ ജീസസ് നൂനസ് സമനില പിടിച്ചു. 77ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിലൂടെ 2-1ന് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 86ാം മിനിറ്റിൽ ജാസൺ കമ്മിങ്സ് ബഗാന് 2-2ന്റെ സമനില സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് ആൽബർട്ടോ റോഡ്രിഗ്വസ് സന്ദർശകരുടെ നെഞ്ച് പിളർത്തി ബഗാന് 3-2ന്റെ ജയം നേടിക്കൊടുക്കുകയായിരുന്നു. 11 കളികളിൽ 26 പോയന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 കളിക്ക് ശേഷം ഏഴ് തോൽവിയുമായി 11 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും തുടരുന്നു. ബഗാന്റെ മലയാളി താരം ആശിഖ് കുരുണിയനാണ് കളിയിലെ താരം.
5-4-1 ശൈലിയിൽ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ചു. മുൻ കളികളിലെ അലസത മാറ്റിവെച്ച ബ്ലാസ്റ്റേഴ്സ് ബഗാനെ പലവട്ടം വിറപ്പിച്ചു. നോഹ സദൗയിയുടെ ഷോട്ട് ഗോളാകാതെ ബഗാൻ കാത്തു. ബഗാൻ ഗോളി വിശാൽ കെയ്ത്തിനെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തുടക്കത്തിൽ അടങ്ങിയിരിക്കാൻ അനുവദിച്ചില്ല. നോഹയും ജീസസ് നൂനസും മുഹമ്മദ് ഷഹീഫും ഷാനിഷ് ഫാറൂഖും ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഓരോതവണ ഗോൾ ശ്രമം നടത്തി. പിന്നീട് സുഭാശിഷ് ബോസും ലിസ്റ്റൺ കൊളാസോയും മുൻ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദും ദിമിത്രിയോസ് പെട്രറ്റോസും ബഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രയത്നിച്ചു. 23ാം മിനിറ്റിൽ സഹലിന് മഞ്ഞക്കാർഡ് കിട്ടി. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ പിന്നിൽ നിന്ന് വലിച്ചതിനായിരുന്നു ശിക്ഷ. തുടരൻ ആക്രമണങ്ങൾക്കൊടുവിൽ ബഗാൻ ലീഡ് നേടി. ഏക സ്ട്രൈക്കർ ജാമി മക്ലാറന്റെ ക്ലോസ് റേഞ്ച് ഷോട്ടാണ് വലിയിൽ കയറിയത്. ആശിഷ് റായിയുടെ ഷോട്ട് കൈയ്യിലൊതുക്കുന്നതിന് പകരം ബ്ലാസ്റ്റേഴ്സ് ഗോളി സചിൻ സുരേഷ് മുന്നോട്ട് തട്ടിയിടുകയായിരുന്നു. മുന്നിൽ കിട്ടിയ പന്ത് മക്ലാറൻ ഗോളാക്കി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ജിമിനസ് മികച്ച അവസരം പാഴാക്കി. എന്നാൽ രണ്ടാം പകുതിയിൽ ജിമിനസ് ലക്ഷ്യം കണ്ടു. സ്കോർ: 1-1. മികച്ച അവസരങ്ങൾ നഷ്ടമാക്കിയ ശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. ബഗാൻ ഗോളി വിശാൽ കെയ്ത്ത് രക്ഷപ്പെടുത്തിയ പന്താണ് ഡ്രിനിസിച്ച് വലയിലെത്തിച്ചത്. പിന്നീടായിരുന്നു ബഗാൻ തുടർച്ചയായി രണ്ട് ഗോളുകളുമായി വിജയം തട്ടിയെടുത്തത്.
മറ്റൊരു മത്സരത്തിൽ 0-2ന് പിന്നിട്ട് നിന്ന ശേഷം ഗംഭീരമായി തിരിച്ചുവന്ന ബംഗളുു എഫ്.സിക്ക് സമനില. എഫ്.സി ഗോവയെ 2-2നാണ് ബംഗളുരു തളച്ചത്. ഏഴാം മിനിറ്റിൽ സന്ദേശ് ജിംഗാൻ ഗോവയുടെ ആദ്യ ഗോൾ നേടി. 66ാം മിനിറ്റിൽ സഹിൽ ടവോര ലീഡുയർത്തി. എന്നാൽ, 71ാം മിനിറ്റിൽ റ്യാൻ വില്യംസും 83ാം മിനിറ്റിൽ ജോർഗെ ഡയസും വലകുലുക്കിയതോടെ ബംഗളുരു ഒപ്പമെത്തുകയായിരുന്നു. ഇതോടെ, തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തോൽവിയറിയാതെ തുടർച്ചയായ ഏഴ് മത്സരങ്ങൾ ബംഗളുരു പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.