ടോപ്പിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് റയൽ; 13ാം സ്ഥാനത്തുള്ള റയോ വയ്യക്കാനോയോട് ഞെട്ടിക്കുന്ന സമനില

മഡ്രിഡ്: ലാ ലിഗ പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് റയൽ മഡ്രിഡ്. 13ാം സ്ഥാനത്തുള്ള റയോ വയ്യക്കാനോ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി പിരിയുകയായിരുന്നു.

വയ്യക്കാനോയുടെ തട്ടകത്തിൽ അരങ്ങേറിയ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ബദ്ധവൈരികളായ ബാഴ്സലോണയെ മറികടന്ന് റയലിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. നിലവിൽ 17 മത്സരങ്ങളിൽനിന്ന് ബാഴ്സക്ക് 38 പോയന്‍റും റയലിന് 37 പോയന്‍റും. അത്ലറ്റികോ മഡ്രിഡിന് ഇന്ന് നടക്കുന്ന മത്സരത്തിൽ ഗെറ്റാഫെയെ തകർത്താൽ റയലിനെ മറികടന്ന് രണ്ടാമതെത്താം. നിലവിൽ 35 പോയന്‍റാണ്. പരിക്കേറ്റ സൂപ്പർതാരം കിലിയൻ എംബാപ്പെയില്ലാതെ കളത്തിലിറങ്ങിയ റയലിനായി ഫെഡറിക് വാൽവർദേയും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോയുമാണ് വലകുലുക്കിയത്. ഉനൈ ലോപസും അബ്ദുൽ മുഅ്മിനും ഇസി പലാസോണുമാണ് വയ്യക്കാനോയുടെ സ്‌കോറർമാർ.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ വലകുലുക്കി ലോപസ് റയലിനെ ഞെട്ടിച്ചു. ജോർജെ ഡെ ഫ്രൂട്ടോസ് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെയാണ് ഉനൈ ലോപസ് വലയിലാക്കിയത്. 36ാം മിനിറ്റിൽ മുഅ്മിനിലൂടെ വയ്യക്കാനോ ലീഡ് ഉയർത്തി. എന്നാൽ മൂന്ന് മിനിറ്റിനകം വാൽവർദേയുടെ ഗോളിൽ റയലിന്റെ ആദ്യ മറുപടി. യുവതാരം അർദ ഗുലറാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഇംഗ്ലീഷ് താരം ബെല്ലിങ്ഹാമിലൂടെ റയൽ ഒപ്പമെത്തി. സ്കോർ 2-2.

ലാ ലിഗയിൽ തുടർച്ചയായ ആറാം മത്സരത്തിലാണ് താരം ടീമിനായി വലകുലുക്കുന്നത്. 2016ൽ കരീം ബെൻസേമക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ റയൽ താരമാണ്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ഏഴെണ്ണത്തിലും 21കാരൻ ബെല്ലിങ്ഹാം ഗോൾ നേടിയിട്ടുണ്ട്. 56ാം മിനിറ്റിൽ റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചു. 64ാം മിനിറ്റിൽ പലാസോണിലൂടെ വയ്യക്കാനോ ഒപ്പമെത്തി. വിജയ ഗോളിനായി ഇരുടീമുകളും അവസാന മിനിറ്റുകളിൽ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

പകരക്കാരൻ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളെന്ന് ഉറച്ച തകർപ്പൻ ഷോട്ട് വയ്യക്കാനോ ഗോൾകീപ്പർ ആഗസ്റ്റോ ബാറ്റല്ല തട്ടിയകറ്റി. ഇന്ന് നടക്കുന്ന മത്സരത്തിൽ ദുർബലരായ ലെഗനീസിനെ വീഴ്ത്തിയാൽ ബാഴ്സക്ക് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനാകും.

Tags:    
News Summary - Real Madrid missed the chance to move top of the table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.