ഹൈദരാബാദ്: യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ കേരളം ഇന്ന് സന്തോഷ് ട്രോഫിയിൽ ഗ്രൂപ് ബിയിൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ‘പുഷ്പ’യുടെ നാട്ടിൽ ഫയറാകാൻ ഇറങ്ങുന്ന മലയാളിക്കൂട്ടത്തിന് ഡെക്കാൻ അറീനയിൽ നിലവിലെ റണ്ണേഴ്സപ്പായ ഗോവയാണ് എതിരാളികൾ.
രാവിലെ ഒമ്പതിനാണ് കളി. ഉച്ചക്ക് 2.30ന് തമിഴ്നാട് മേഘാലയയെയും രാത്രി 7.30ന് ഡൽഹി ഒഡിഷയെയും നേരിടും. കഴിഞ്ഞതവണ ഗോവയോട് കേരളം തോറ്റിരുന്നു. റണ്ണേഴ്സപ്പ് എന്ന നിലയിൽ ഫൈനൽ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്. കോഴിക്കോട്ട് നടന്ന യോഗ്യതാ റൗണ്ടിൽ മൂന്ന് കളികളിൽ 18 ഗോളുകൾ എതിർവലയിലെത്തിച്ച കേരളം ഒറ്റഗോളും വഴങ്ങിയിട്ടില്ല.
ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയുടെ കരുത്ത് ശരിക്കും പരീക്ഷിക്കപ്പെടുന്നത് ഹൈദരാബാദിലെ ഡക്കാൻ അറീനയിലാകും. വൈസ് ക്യാപ്റ്റൻ എസ്. ഹജ്മലാണ് ഗോൾകീപ്പർ. നിജോ ഗിൽബർട്ടും വി. അർജുനും മധ്യനിരയിൽ പരിചയസമ്പന്നരാണ്.
ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്സൽ, ഇ. സജീഷ്, ടി ഷിജിൻ എന്നിവർ ഗോളടിക്കാൻ മിടുക്കരാണ്. ബിബി തോമസാണ് ടീം പരിശീലകൻ. ശനിയാഴ്ച ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ സർവിസസിനെ മുൻ ജേതാക്കളായ മണിപ്പൂർ അട്ടിമറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.