സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഗോവയെ വീഴ്ത്തിയത് 4-3ന്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ജയത്തോടെ തുടങ്ങി കേരളം. ത്രില്ലർ പോരിൽ നിലവിലെ റണ്ണേഴ്സപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്.

മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കേരളത്തിന്‍റെ വലകുലുക്കി ഗോവ ഞെട്ടിച്ചു. ആദ്യ പകുതിയിൽ മൂന്നെണ്ണം തിരിച്ചടിച്ചാണ് കേരളം ഇതിന് മറുപടി നൽകിയത്. 15ാം മിനിറ്റിൽ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെയാണ് കേരളം ഒപ്പമെത്തിയത്. പിന്നാലെ 27ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലും 33ാം മിനിറ്റിൽ നസീബ് റഹ്‌മാനും കേരളത്തിനായി വലകുലുക്കി. 3-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ ക്രിസ്റ്റി ഡേവിസും സ്കോർ ചെയ്തതോടെ കേരളത്തിന്‍റെ ലീഡ് മൂന്നായി. 78, 86 മിനിറ്റുകളിൽ ഗോൾ മടക്കി ഗോവ തോൽവിഭാരം കുറച്ചു. അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ഗോവയുടെ നീക്കങ്ങൾ കോട്ട കെട്ടി കേരളം തടഞ്ഞു.

യോഗ്യതാ റൗണ്ടിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ ഗോവയോട് കേരളം തോറ്റിരുന്നു. റണ്ണേഴ്സപ്പ് എന്ന നിലയിൽ ഫൈനൽ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്. കോഴിക്കോട്ട് നടന്ന യോഗ്യതാ റൗണ്ടിൽ മൂന്ന് കളികളിൽ 18 ഗോളുകൾ എതിർവലയിലെത്തിച്ച കേരളം ഒറ്റഗോളും വഴങ്ങിയിട്ടില്ല.

Tags:    
News Summary - Kerala wins Santosh Trophy; Goa was defeated 4-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.