ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ കരുത്തരും ബദ്ധവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്.
കഴിഞ്ഞ എഫ്.എ കപ്പ് ഫൈനലിൽ സിറ്റിയോടേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി യുനൈറ്റഡിന്‍റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു 2023 ഫൈനലിൽ യുനൈറ്റഡ് തോറ്റത്. അലജാന്ദ്രോ ഗാർനാച്ചോ (30ാം മിനിറ്റിൽ), കോബീ മെയ്നു (39ാം മിനിറ്റിൽ) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. സിറ്റിയുടെ ആശ്വാസ ഗോൾ പകരക്കാരൻ ജെറമി ഡോക്കുവിന്‍റെ വകയായിരുന്നു.
പ്രീമിയർ ലീഗ് ജേതാക്കളായ സിറ്റി കളം വാഴുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ, യുനൈറ്റഡും ഒപ്പംനിന്ന് പൊരുതുന്നതാണ് കണ്ടത്. പതിവുപോലെ പന്തടക്കത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘം മുന്നിട്ടുനിന്നെങ്കിലും ടെൻ ഹാഗിന്‍റെ യുനൈറ്റഡ് കിട്ടിയ അവസരങ്ങൾ മുതലെടുത്തു. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡിന്‍റെ പോരാട്ട വീര്യം ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതു കൂടിയായി സിറ്റിക്കെതിരെയുള്ള ഈ കിരീട നേട്ടം.
കിരീടത്തോടെ യുനൈറ്റഡിന് യൂറോപ്പ ലീഗ് യോഗ്യത നേടാനായി. ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ സിറ്റി, സീസണിൽ എഫ്.എ കപ്പിലൂടെ ഡബ്ൾ കിരീട നേട്ടമാണ് ലക്ഷ്യമിട്ടിരുന്നത്. സിറ്റിയുടെ പ്രതിരോധ താരം ജോസ്കോ ഗ്വാർഡിയോളയുടെ പിഴവാണ് ആദ്യ ഗോളിന് വഴിതുറന്നത്. പന്തിനായുള്ള ഗർനാച്ചോയുടെയും ഗ്വാർഡിയോളയുടെയും ശ്രമത്തിനിടെ സിറ്റി താരം ഗോൾ കീപ്പറെ ലക്ഷ്യമിട്ട് പന്ത് ഹെഡ് ചെയ്തു നൽകി. എന്നാൽ, ഒർട്ടേഗ ഈസമയം പോസ്റ്റിൽനിന്ന് ഏറെ മുന്നോട്ടുവന്നിരുന്നു. അവസരം മുതലെടുത്ത് അർജന്‍റൈൻ താരം പന്ത് പോസ്റ്റിനുള്ളിലേക്ക് തട്ടിയിട്ടു.
ഇടവേളക്കു പിരിയാൻ ആറു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ബോക്സിനുള്ളിൽനിന്ന് ബ്രൂണോ ഫെർണാണ്ടസിന്‍റെ അസിസ്റ്റിൽ കോബി മെയ്നുവിന്‍റെ ഒരു ക്ലിനിക്കൽ ഫിനിഷിങ്. ഓർട്ടേഗയെ കീഴ്പ്പെടുത്തി പന്ത് ബോക്സിന്‍റെ വലതുമൂലയിൽ. 21ാം നൂറ്റാണ്ടിൽ ജനിച്ച് എഫ്.എ കപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ താരമായി മെയ്നു. രണ്ടാം പകുതിയിൽ നഥാൻ അകെക്കു പകരം മാനുവൽ അകാഞ്ജിയെയും കൊവാചിച്ചിനു പകരം ജെറെമി ഡോക്കിവിനെയും സിറ്റി കളത്തിലിറക്കി. തൊട്ടുപിന്നാലെ ഡിബ്രൂയിനെ പിൻവലിച്ച് ജൂലിയൻ അൽവാരസിനെയും കളത്തിലിറക്കി പെപ്പിന്‍റെ പരീക്ഷണം. 55ാം മിനിറ്റിൽ എർലിങ് ഹാലണ്ടിന്‍റെ ഒരു തകർപ്പൻ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. 60ാം മിനിറ്റിൽ കെയിൽ വാക്കറുടെ ഒരു ബുള്ളറ്റ് ഷോട്ട് യുനൈറ്റഡ് ഗോൾ കീപ്പർ ആന്ദ്രെ ഒനാന തട്ടിയകറ്റി.
ഗോൾ മടക്കാനായി സിറ്റി ആക്രമത്തിന് മൂർച്ച കൂട്ടിയെങ്കിലും ലക്ഷ്യം നേടാനായില്ല. സിറ്റിയുടെ മുന്നേറ്റങ്ങളെല്ലാം യുനൈറ്റഡിന്‍റെ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. ഒടുവിൽ 87ാം മിനിറ്റിൽ പകരക്കാരൻ ജെറമി ഡോക്കുവിലൂടെ സിറ്റി ഒരു ഗോൾ മടക്കി. ഫിൽ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിന്‍റെ തൊട്ടുവെളിയിൽനിന്നുള്ള താരത്തിന്‍റെ കിടിലൻ ഷോട്ട് തടുക്കാനുള്ള ഒനാനയുടെ ശ്രമം വിജയിച്ചില്ല. താരത്തിന്‍റെ കൈയിൽ തട്ടി പന്ത് വലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.