ബാഴ്സലോണ: 21 വർഷം പന്തുതട്ടിയ ബാഴ്സലോണ ഫുട്ബാൾ ക്ലബിൽ നിന്ന് വിടപറഞ്ഞ ഇതിഹാസ താരം മെസ്സി വാർത്താ സമ്മേളനത്തിൽ വിങ്ങിപ്പൊട്ടിയപ്പോൾ ഓരോ ഫുട്ബാൾ ആരാധകന്‍റെയും ഉള്ളൊന്ന് നൊന്തു. 'ബാഴ്സലോണയാണ് എന്‍റെ വീട്. 13ാം വയസ്സ് മുതൽ ഇതാണ് എന്‍റെ ലോകം. ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ്' -ഇങ്ങനെ പറഞ്ഞായിരുന്നു മെസ്സി മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞത്.
ഇതിന് പിന്നാലെ മെസ്സിയുടെ വാർത്താ സമ്മേളനത്തിലെ സംസാരം കേട്ട് ഒരു ക്യാമറാമാൻ കരയുന്നുവെന്ന തരത്തിൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം മെസ്സിയുടെ വാർത്ത സമ്മേളനത്തിൽ നിന്നുള്ളതല്ല എന്നതാണ് സത്യം.
ഇറാഖുകാരനായ മുഹമ്മദ് അൽ അസാവിയാണ് ചിത്രത്തിൽ കാണുന്ന ഫോട്ടോഗ്രാഫർ. 2019ൽ ഖത്തറിനോട് തോറ്റ് ഇറാഖ് എ.എഫ്.സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായപ്പോൾ മുഹമ്മദ് കരയുന്നതായിരുന്നു ചിത്രം.
2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ ഔട്ടായി ഇന്ത്യൻ താരം എം.എസ്. ധോണി പവലിയനലിലേക്ക് മടങ്ങുന്ന സംഭവത്തെ കോർത്തിണക്കിയും ചിത്രം മുമ്പ് പ്രചരിച്ചിരുന്നു. ധോണിയുടെ വിക്കറ്റായിരുന്നു മത്സരത്തിന്‍റെ ഗതി നിർണയിച്ചതെന്നായിരുന്നു അനുമാനം.
ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ധോണി കൂടി മടങ്ങിയതോടെ പ്രതീക്ഷയറ്റ ഫോട്ടോഗ്രാഫർ ക്യാമറക്കണ്ണിലൂടെ നോക്കുന്നതിനിടെ വിതുമ്പുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം.
എന്നാൽ നിരവധി മാധ്യമങ്ങൾ ചിത്രത്തിന്‍റെ സത്യാവസ്ഥ അന്നും പുറത്തുകൊണ്ടു വന്നിരുന്നു. ഇപ്പോൾ മെസ്സിയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ചിത്രം വീണ്ടും പൊങ്ങി വന്നതാണ്. 2019 ജനുവരി 24ന് എ.എഫ്.സി ഏഷ്യൻ കപ്പിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലടക്കം ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെരിഫൈഡ് ട്വിറ്റർ ഉപയോക്താവും മാധ്യമപ്രവർത്തകനുമായ സ്റ്റീവൻ നബീലും മുഹമ്മദിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത് തെളിവായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.