പൊട്ടിക്കരഞ്ഞ് മെസ്സി; 'ബാഴ്സ എന്‍റെ വീട്, പക്ഷേ തുടരാൻ കഴിയാത്ത സാഹചര്യം'
text_fieldsബാഴ്സലോണ വിടുന്ന കാര്യം സ്ഥിരീകരിച്ച് ഫുട്ബോൾ താരം മെസ്സി. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സി കണ്ണീരോടെ ഇക്കാര്യം സ്ഥിരീകരിച്ചത്. വാർത്താ സമ്മേളനത്തിൽ പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. 'ബാഴ്സലോണയാണ് എന്‍റെ വീട്. 13ാം വയസ്സ് മുതൽ ഇതാണ് എന്‍റെ ലോകം. ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ്'- മെസ്സി പറഞ്ഞു.
കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ് അവസാനിച്ചത്. നിലവിൽ മെസ്സി പി.എസ്.ജിയിലേക്കെന്നാണ് സൂചന. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പി.എസ്.ജിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മെസ്സിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'എന്താണ് പറയേണ്ടതെന്ന് അറിയില്ല എന്നതാണ് സത്യം. ഇത്രയും വർഷങ്ങൾക്ക് ശേഷം, എെൻറ ജീവിതകാലം മുഴുവൻ ഉണ്ടായിരുന്ന ഒരു സ്ഥലത്തുനിന്ന് മാറുക ശരിക്കും ബുദ്ധിമുട്ടാണ്. ഞാൻ ഇതിന് ഒരിക്കലും തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷത്തെ സ്ഥിതി അതായിരുന്നില്ല. അന്ന് ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇൗ വർഷം സമാനമായതല്ല.ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകുമെന്ന് എനിക്കും കുടുംബത്തിനും ഉറപ്പായിരുന്നു. മറ്റെന്തിനേക്കാളും ഞങ്ങൾക്ക് വേണ്ടത് അതായിരുന്നു. പക്ഷെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്'-മെസ്സി പറഞ്ഞു.
പി.എസ്.ജിയിലേക്കുള്ള മാറ്റത്തിെൻറ സാധ്യതകളെകുറിച്ചും മെസ്സി പ്രതികരിച്ചു. 'അതൊരു സാധ്യതയാണ്. ആരോടും ഒരു ഉറപ്പും ഞാൻ പറഞ്ഞിട്ടില്ല. ഇത്തരമൊരു വാർത്ത പ്രചരിച്ചതിനെതുടർന്ന് നിരവധിപേർ ബന്ധപ്പെട്ടിരുന്നു. ക്ലബ് മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. പക്ഷെ ഒന്നും ഉറപ്പിച്ചിട്ടില്ല'.
'ബാർസക്ക് വലിയ കടങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ തുടരാൻ സാധിക്കില്ല. ക്ലബ് പ്രസിഡൻറ് പറഞ്ഞതും അതാണ്. ഇനിയും ഇവിടെ തുടരാൻ ശ്രമിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ'-മെസ്സി കൂട്ടിച്ചേർത്തു.
Greatest Applause
— FC Barcelona (@FCBarcelona) August 8, 2021
Of
All
Time pic.twitter.com/YoJt8nkTZc
മെസ്സിയെ വാങ്ങുമെന്ന് സാധ്യത കൽപിക്കപ്പെട്ടിരുന്ന പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നേരത്തെ പിൻവാങ്ങിയതോടെ പി.എസ്.ജിക്കൊപ്പമാകും സൂപ്പർതാരമെന്ന സൂചനയുണ്ടായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തിനെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതാണ് പി.എസ്.ജിക്ക് അനുഗ്രഹമായത്. നേരത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്മർ, കിലിയൻ എംബാപെ തുടങ്ങിയവർക്കൊപ്പമാകും ഇതോടെ അടുത്ത സീസൺ മുതൽ മെസ്സി ബൂട്ടുകെട്ടുക.
ഫുട്ബാളിൽ പിച്ചവെച്ചുതുടങ്ങിയ അന്നുതൊട്ട് മെസ്സി ജഴ്സി അണിഞ്ഞ ക്ലബാണ് ബാഴ്സലോണ. ടീമിന്‍റെ വലിയ വിജയങ്ങളിൽ പലതിന്‍റെയും ശിൽപിയും അമരക്കാരനുമായി. 2003 മുതൽ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്നങ്ങളെ തുടർന്ന് ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്ഫർ വ്യവസ്ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന് ക്ലബ് സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.
പി.എസ്.ജിയിലെ ട്രാൻസ്ഫർ തുക സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. സെർജിയോ റാമോസ്, ജോർജിനോ വിജ്നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇവർക്കു പിന്നാലെയാണ് മെസ്സിയുടെ വരവ്. ആറു തവണ ബാലൻ ഡി ഓർ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതൽ ബാഴ്സ കരാർ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.