ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമോറ

ലോകത്തിന് ഖത്തറിലേക്ക് സ്വാഗതമോതി ഫത്മ സമോറ

ദോഹ: ഫുട്ബാൾ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപന്ത് ആഘോഷങ്ങളിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമോറ. നവംബർ 20 ഞായറാഴ്ച ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിലേക്കായിരിക്കും. കാൽപന്തുകളിയുടെ വസന്തോത്സവമായി ആഘോഷത്തിന്റെ 30 ദിവസങ്ങൾക്ക് അവിടെ തുടക്കം കുറിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് ഖത്തറിലെത്താനും ഏറ്റവും വലിയ ആഘോഷത്തിൽ പങ്കെടുക്കാനുമുള്ള സുവർണാവസരവുമാണ് വന്നെത്തിയിരിക്കുന്നത് -സമോറ പറഞ്ഞു.

എന്റെ രാജ്യമായ സെനഗൽ പോലെ ഖത്തറിനെ ഒരു യാഥാസ്ഥിതിക സമൂഹമായി ജനങ്ങൾക്ക് വിലയിരുത്താം. പക്ഷേ, ഖത്തരികൾ തീർത്തും വ്യത്യസ്തമാണെന്നും അവർ ഭൂമിയിലെ വലിയ ഉദാരമതികളും സൽക്കാര പ്രിയരുമാണെന്നും ലോകകപ്പ് തെളിയിക്കും -ഫത്മ സമോറ ചൂണ്ടിക്കാട്ടി. അവിടത്തെ ഭക്ഷണം ഏറെ രുചിയുള്ളതാണ്. ചായക്ക് സൗന്ദര്യമേറെയാണ്.

സുന്ദരമായ കോർണിഷിലൂടെ നടക്കുമ്പോൾ നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത ചിലത് കാണാൻ സാധിക്കും. നിങ്ങൾക്കവിടെ മാജിക് കാണാം. വെളിച്ചം, രുചി, പുഞ്ചിരി എല്ലാം നിങ്ങൾക്കവിടെ കാണാം -ലോകകപ്പിനെയും ഖത്തറിന്റെ ഒരുക്കങ്ങളെയും കുറിച്ച് അവർ വാചാലമായി.

32 രാജ്യങ്ങളും അവരുടെ ആരാധകരും തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞ് ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുന്നത് കാണാം. ലോകകപ്പിന് ശേഷം ദീർഘകാലത്തേക്ക് നിങ്ങൾക്കുള്ള കൂട്ടുകാരെ ലഭിക്കാം. ഫുട്ബാളിന്റെ ഇഷ്ടവും ജനങ്ങളെ ഒരുമിപ്പിക്കാനുള്ള അതിന്റെ അതുല്യമായ കഴിവും നിങ്ങൾക്കവിടെ ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കും.

വംശമോ ദേശമോ ലിംഗമോ വർണമോ അവിടെ നിങ്ങൾക്ക് തടസ്സമാകുകയില്ല. ഒരിക്കൽ കൂടി നിങ്ങളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഖത്തരികൾ നിങ്ങളെ സ്വീകരിക്കാൻ ഇരു കൈയും നീട്ടി തയാറായിരിക്കുകയാണ്. ഭൂമിയിലെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങളായിരിക്കും ഉദ്ഘാടന ദിവസം നിങ്ങൾ കാണാനിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ലോകകപ്പിലെ ആഫ്രിക്കൻ സാന്നിധ്യം ഇത്തവണ മികച്ചതാണെന്നും ലയൺസ് ഓഫ് തിരംഗ എന്നറിയപ്പെടുന്ന സെനഗൽ ടീം ആഫ്രിക്കൻ ചാമ്പ്യന്മാരായാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. മൊറോക്കോ, തുനീഷ്യ, ഘാന, കാമറൂണും ഈ ലോകകപ്പിനുണ്ട്. ഒരു ആഫ്രിക്കൻ ടീം കനക കിരീടം കൈയിലേന്തുന്നത് ഞാൻ സ്വപ്നം കാണുകയാണെന്നും എന്തുകൊണ്ട് അത് ഖത്തറിലായിക്കൂടെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.ലോകത്തിന്റെ ഓരോ മൂലയിലും ഫുട്ബാൾ ആഘോഷിക്കുന്നത് കാണണമെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Fatma Zamora welcomes the world to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.