ഫുട്ബാളിലെ ഈ സൂപർ താരങ്ങൾ 100 മീറ്റർ മത്സരിച്ചാൽ ആരാകും ജേതാവ്?

ലണ്ടൻ: എതിർഗോൾമുഖങ്ങളിൽ മിന്നായം പോലെയെത്തി ഗോളിയെ നിഷ്പ്രഭരാക്കി വലക്കണ്ണികൾ കുലുക്കി തിരിച്ചുപോകുന്ന താരങ്ങളാണ് എന്നും ഫുട്ബാളിന്റെ ഒന്നാം ആകർഷണം. അതിവേഗമാണ് പലപ്പോഴും അവർക്ക് ഏറ്റവും വലിയ ആയുധം. കാലുകളി​ലെ മാന്ത്രികത കൂടി ചേരുമ്പോൾ എതിരാളികളുടെ എല്ലാ പ്രതിരോധവും തരിപ്പണമാകും. ഗോളുകളനവധി പിറവിയെടുക്കും. ഇത്തരക്കാരായി ഏതു തലമുറയിലുമുണ്ട് താരരാജാക്കന്മാർ. ഇവരാണ് കളിയെ കൂടുതൽ ജനകീയമാക്കി നിർത്തുന്നത്.

ഇപ്പോഴും കളംഭരിക്കുന്നവരും നേരത്തെ കളി നിർത്തിയവരുമായ ഒമ്പതു പ്രമുഖരെ നിർത്തി ഇവരുടെ വേഗമളക്കാൻ ഓട്ടമത്സരം നടത്തിയാലോ എന്ന ചിന്ത പങ്കുവെക്കുകയാണ് ഫുട്ബാൾ ഉന്നതതല സമിതിയായ ഫിഫ. ഒമ്പതു പ്രമുഖ താരങ്ങൾ തമ്മിൽ 100 മീറ്റർ ഓട്ട മത്സരം സംഘടിപ്പിച്ചാൽ ആരാകും ഇവരിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുകയെന്നാണ് ചോദ്യം.

താരങ്ങൾ ഇവരാണ്: കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ്, ആർയൻ റോബൻ, ഗാരെത് ബെയിൽ, അൽഫോ​ൺസോ ഡേവിസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ നസാരിയോ, തിയറി ഹെന്റി, സാമുവൽ എ​റ്റൂ എന്നിവരാണ് പട്ടികയിലുള്ളവർ.

എംബാപ്പെ, ഹാലൻഡ്, ഡേവിസ്, റൊണാൾഡോ തുടങ്ങിയവർ ഇപ്പോഴും സജീവമായി രംഗത്തുള്ളവരാണ്. അതിൽ റൊണാൾഡോ പഴയ വേഗത്തിൽ ഇപ്പോഴും കുതിക്കുന്നോ എന്ന് സംശയിക്കുന്നവരുണ്ടാകാമെങ്കിലും മറ്റു മൂന്നു പേരും ഇളമുറക്കാർ. എംബാപ്പെ ദേശീയ ടീമിനായും പി.എസ്.ജിക്കായും കുറിച്ച ഗോളുകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുന്നവയാണ്. ഡോർട്മുണ്ട് വിട്ട് സിറ്റി നിരയിലെത്തിയതോടെ മൂർച്ച ഇരട്ടിയാക്കിയതാണ് ഹാലൻഡിന്റെ കാലുകൾ. ബയേൺ പ്രതിരോധത്തിലെ ഡേവിസാകട്ടെ, പാനമയുമായി കാനഡയുടെ യോഗ്യത മത്സരത്തിൽ 85 വാര ഓടിയെത്തി നേടിയ​ ഗോൾ ചരിത്രം കുറിച്ചതാണ്. സമാനമാണ് ഹാരെത് ബെയിൽ ബാഴ്സക്കെതിരെ റയലിനായി കുറിച്ച ഗോളും.

ഇവർക്കൊപ്പം പഴയ തലമുറയിലെ അതിവേഗക്കാർ ശരിക്കും മത്സരിക്കുന്നത് ശരിയാകണമെന്നില്ല. മുമ്പ് ബ്രസീലിനെ ലോക കിരീടങ്ങൾ തൊടാൻ സഹായിച്ച റൊണാൾഡോ നസാരിയോയും റയലിനെ എണ്ണമറ്റ ചാമ്പ്യൻപട്ടങ്ങളുടെ തമ്പുരാന്മാരാക്കിയ റൊണാൾഡോയും പഴയ വേഗത്തിൽ ഓടിക്കൊള്ളണമെന്നില്ല. ഓറഞ്ചുപടയുടെ മുന്നേറ്റം ഭരിച്ച റോബനും ഫ്രഞ്ച് കുന്തമുനയായ ​ഹെന്റിയും ഇപ്പോൾ ചിത്രത്തിലേ ഇല്ല. എന്നാലും അവരിൽ ആർക്കാണ് ശരിക്കും വേഗമെന്നതാണ് ചോദ്യം.

ഓരോരുത്തരുടെയും കളിമികവു പറയാൻ ആരാധകരേറെയുണ്ടാകുമെങ്കിലും മത്സരം 100 മീറ്ററിലാകുമ്പോൾ ആരു ജയിക്കുമെന്ന ചോദ്യം ബാക്കിയാണ്. 

Tags:    
News Summary - FIFA opens a debate: Who would win a 100 metre race between these nine stars in their prime?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.