ബെറ്റിസിനെതിരെ ബാഴ്സലോണയുടെ ആദ്യഗോൾ നേടിയ ജോവോ ഫെലിക്സിന്റെ ആഹ്ലാദം

ബെറ്റിസിനെ തകർത്തുവാരി ‘ഫൈവ്സ്റ്റാർ’ ബാഴ്സ

മഡ്രിഡ്: മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് റയൽ ബെറ്റിസിനെ തകർത്ത ബാഴ്സലോണ സ്പാനിഷ് ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. അഞ്ചുഗോളുകളും വ്യത്യസ്ത കളിക്കാരുടെ ബൂട്ടിൽനിന്നായിരുന്നു. ജോവോ ഫെലിക്സ്, റോബർട്ട് ലെവൻ​ഡോവ്സ്കി, ഫെറാൻ ടോറസ്, റഫീഞ്ഞ, കാൻസലോ എന്നിവരാണ് കറ്റാലൻ ടീമിനുവേണ്ടി വല കുലുക്കിയത്.

സ്പാനിഷ് ലീഗിൽ കരുത്തുറ്റ ചെറുത്തുനിൽപിനും അട്ടിമറികൾക്കും പേരുകേട്ട ബെറ്റിസിന്റെ പോരാട്ടവീര്യത്തിനുമേൽ കുറുകിയ പാസുകളുടെ കണ്ണഞ്ചും കളി കെട്ടഴിച്ച ബാഴ്സ എതിരാളികളെ മത്സരത്തിൽ ​മേധാവിത്വം നേടാൻ അനുവദിച്ചതേയില്ല. പുതിയ ക്ലബിനുവേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഫെലിക്സ് 25-ാം മിനിറ്റിൽ ​ക്ലോസ് റേഞ്ചിൽനിന്നാണ് ആദ്യവെടി പൊട്ടിച്ചത്. ഏഴുമിനിറ്റിനുശേഷം ലെവൻഡോവ്സ്കിയുടെ താഴ്ന്നുപറന്ന ഡ്രൈവും ബെറ്റിസിന്റെ വലക്കണ്ണികളിൽ വിശ്രമിച്ചു.


ഇടവേളക്കുപിന്നാലെ ഫെലിക്സ് വീണ്ടും വല കുലുക്കിയെങ്കിലും ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗുയർന്നിരുന്നു. 62-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ടോറസ് ലക്ഷ്യം കണ്ടതിനു നാലുമിനിറ്റുശേഷം ലോങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു റഫീഞ്ഞയുടെ ഗോൾ. ഫെലിക്സിനൊപ്പം ഇക്കുറി ബാഴ്സയിലെത്തിയ മറ്റൊരു പോർചുഗീസുകാരനായ കാൻസലോ 82-ാം മിനിറ്റിലാണ് പട്ടിക തികച്ചത്.

ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് റയൽ മഡ്രിഡിനേക്കാൾ ഒരു പോയന്റ് മുന്നിലാണിപ്പോൾ ബാഴ്സലോണ. ഞായറാഴ്ച രാത്രി റയൽ മഡ്രിഡ് റയൽ സൊസീദാദുമായി മാറ്റുരക്കും.

Tags:    
News Summary - Five-star Barcelona show no mercy against Real Betis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.