ഫുട്ബാൾ ടൂർണമെന്‍റിനിടെ വിദേശ താരത്തിന് കാണികളുടെ മർ​ദനം; വംശീയമായി അധിക്ഷേപിച്ചെന്നും പരാതി

അരീക്കോട് (മലപ്പുറം): അരീക്കോട് ചെമ്പ്രകാട്ടൂരിൽ ഫുട്ബാൾ മത്സരത്തിനിടെ വിദേശതാരത്തിന് നേരെ ആൾക്കൂട്ടാക്രമണവും വംശീയാധിക്ഷേപവും. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിന് (21) നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ചെമ്പ്രകാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബാൾ ഫൈനൽ മത്സരത്തിനിടയിലാണ് സംഭവം.

ഹസനുൾപ്പെടെയുള്ള കളിക്കാർ അണിനിരന്ന പൂക്കൊളത്തൂർ ടീമും വെള്ളേരി ടീമുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ആദ്യപകുതിയിൽ പൂക്കൊളത്തൂർ ടീം ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നതിനിടെ ഹസനെ എതിർ ടീമിന്റെ ആരാധകർ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്ത് താരം രംഗത്തെത്തി.

ഇതോടെ മത്സരം കാണാനെത്തിയ ഒരു കൂട്ടമാളുകൾ താരത്തെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഘാടകരെത്തിയാണ് രക്ഷപ്പെടുത്തിയത്. താരത്തിന് നേരെ കല്ലേറുമുണ്ടായി. ആക്രമണ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്​. ഹസൻ ജൂനിയർ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയും പരാതി നൽകി.

ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉൾപ്പെടെയുള്ള വാക്കുകളുപ​യോഗിച്ചാണ് അധിക്ഷേപിച്ചതെന്നും കേരളത്തിൽ നിൽക്കാൻ ഭയമായെന്നും ഹസൻ ജൂനിയർ പറഞ്ഞു. മത്സരം തോൽക്കുമെന്ന് കണ്ടതോടെയാണ് മികച്ച രീതിയിൽ കളിച്ചിരുന്ന താരത്തെ എതിർ ടീമിന്റെ ആരാധകർ ആക്രമിച്ചതെന്ന് സ്പോൺസർ ഫാസിൽ പറഞ്ഞു. താരത്തിന്റെയും സ്പോൺസറുടെയും മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. കൃത്യമായ നിയമനടപടിയുണ്ടായില്ലെങ്കിൽ ഐവറി കോസ്റ്റ് എംബസിയെ സമീപിക്കുമെന്ന് സ്പോൺസർ ഫാസിൽ പറഞ്ഞു.

Tags:    
News Summary - Foreign player beaten by spectators during football tournament; Complaint of racial abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.