ഹൈദരാബാദ്: ഒരുകാലത്ത് ഇന്ത്യൻ ഫുട്ബാളിന്റെ മക്കയായി വിശേഷിപ്പിക്കപ്പെട്ട ഹൈദരാബാദിലേക്ക് 57 വർഷങ്ങൾക്കുശേഷം സന്തോഷ് ട്രോഫി വിരുന്നെത്തുമ്പോൾ ആരവങ്ങളിൽനിന്നൊഴിഞ്ഞ് കഴിയുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും കോച്ചുമായിരുന്ന സയ്യിദ് നയീമുദ്ദീൻ. കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്ബാളിൽ നിറഞ്ഞുനിന്ന നയീം സാബ് ഹൈദരാബാദ് ശൈഖ്പേട്ടിലെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. ഏറെക്കാലം കൊൽക്കത്തയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞവർഷമാണ് താൻ കളിച്ചുവളർന്ന ഹൈദരാബാദിലേക്ക് തിരിച്ചെത്തിയത്. ഫുട്ബാളിനെ സ്നേഹിക്കുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കുകയും ചെയ്തു.
തെലങ്കാനയിൽ ഫുട്ബാൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും 80ാം വയസ്സിലും തന്റെ പരിശീലന അനുഭവങ്ങൾ പകർന്നുനൽകാൻ തയാറാണെന്നും അനുഭവങ്ങൾ പങ്കുവെക്കവെ സയ്യിദ് നയീമുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘കൊൽക്കത്തയും കേരളവും ഗോവയും പോലെ ഹൈദരാബാദിനും ഫുട്ബാളിൽ സുവർണ കാലഘട്ടമുണ്ടായിരുന്നു. പഴയ ഹൈദരാബാദ് ടീമിന്റെ തകർച്ചക്ക് പല കാരണങ്ങളുണ്ട്. അത് ഇനി ചർച്ച ചെയ്തിട്ടുകാര്യമില്ല. ഫുട്ബാളിന്റെ വളർച്ചക്ക് നല്ല റെസിഡൻഷ്യൽ അക്കാദമികൾ വേണം. അച്ചടക്കമുള്ള കളിക്കാർ വേണം. കുടിക്കുന്ന വെള്ളം പോലും കളിക്കാരന് പ്രധാനമാണ്’’ -അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും കോച്ചായും തിളങ്ങിയ സയ്യിദ് നയീമുദ്ദീൻ, അർജുന അവാർഡും ദ്രോണാചാര്യ അവാർഡും സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ്. ഹൈദരാബാദ് സിറ്റി പൊലീസിൽ കളിച്ചുവളർന്ന് പിന്നീട് തട്ടകം കൊൽക്കത്തയിലേക്ക് മാറ്റിയ നയീം വംഗനാട്ടിലെ ത്രിമൂർത്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എന്നിവക്കായി ബൂട്ടുകെട്ടി. പിന്നീട് ഇതേ ടീമുകളുടെ പരിശീലകനുമായി. ഇന്ത്യൻ ദേശീയ ടീമിനെയും ബംഗ്ലാദേശ് ദേശീയ ടീമിനെയും പരിശീലിപ്പിച്ച അദ്ദേഹം ബംഗ്ലാ ലീഗിലെ ധാക്ക മുഹമ്മദൻ, ബ്രദേഴ്സ് യൂനിയൻ ക്ലബുകളുടെയും കോച്ചായി. ദീർഘമായ ഫുട്ബാൾ കരിയറിനു ശേഷം 2023ലാണ് നയീമുദ്ദീൻ ഹൈദരാബാദിൽ തിരിച്ചെത്തുന്നത്.
സന്തോഷ് ട്രോഫി സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വീക്ഷിക്കാൻ പ്രത്യേക ക്ഷണിതാവായി സയ്യിദ് നയീമുദ്ദീൻ എത്തും. കളിച്ചും കളി പഠിപ്പിച്ചും മൈതാനത്ത് കളം നിറഞ്ഞ അദ്ദേഹം കളിയോർമകളുമായി ഗാലറിയിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.