ഇപ്സ്വിച്ചിനെ വീഴ്ത്തി ആഴ്സണൽ; ചെൽസിയെ മറികടന്ന് ലീഗിൽ രണ്ടാമത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇപ്സ്വിച്ച് ടൗണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ആഴ്സണൽ. ജയത്തോടെ ലീഗിൽ ചെൽസിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്‍റെ 23ാം മിനിറ്റിൽ ജർമൻ താരം കായ് ഹാവർട്സാണ് വിജയഗോൾ നേടിയത്. പരിക്കേറ്റ ബുകായോ സാക ഇല്ലാതെ കളത്തിലിറങ്ങിയ ആഴ്‌സണലിനെ പ്രതിരോധിച്ചു കളിച്ച ഇപ്സ്വിച്ച്, അധികം അവസരങ്ങളൊന്നും തുറന്നുനൽകിയില്ല. തുടക്കത്തിൽ 83.5 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് ആഴ്സണലായിരുന്നു. സ്വന്തം പകുതി വിട്ട് അപൂർവമായി മാത്രമാണ് ഇപ്സ്വിച്ച് താരങ്ങൾ ഇറങ്ങി കളിച്ചത്.

ലിയാൻഡ്രോ ട്രൊസാർഡ് നൽകിയ ക്രോസിൽനിന്നാണ് ഹാവർട്സ് വലകുലുക്കിയത്. പ്രീമിയർ ലീഗ് സീസണിൽ താരത്തിന്‍റെ ഏഴാം ഗോളാണിത്. രണ്ടാം പകുതിയിൽ കോർണറിൽനിന്നുള്ള ഗബ്രിയേൽ ജീസസിന്‍റെ ഹെഡർ പോസ്റ്റിനെ തൊട്ടരുമ്മി പുറത്തേക്ക് പോയി. മറ്റൊരു കോർണറിൽ റൈസിന്റെ മികച്ച വോളി ഇപ്സ്വിച്ച് പ്രതിരോധിച്ചു. ഒടുവിൽ 1-0 സ്കോറിന് ആഴ്സണലിന് ജയം. 18 മത്സരങ്ങളിൽനിന്ന് 36 പോയന്‍റുമായാണ് ആഴ്സണൽ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇത്രയും കളികളിൽനിന്ന് 35 പോയന്‍റുമായി ചെൽസി മൂന്നാമതാണ്.

17 മത്സരങ്ങളിൽനിന്ന് 42 പോയന്‍റുള്ള ലിവർപൂളാണ് ഒന്നാമത്. 18 മത്സരങ്ങളിൽനിന്ന് 12 പോയന്‍റുമായി 19ാം സ്ഥാനത്താണ് ഇപ്സ്വിച്ച്. ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ബ്രൈറ്റണും ബ്രന്റ്ഫോർഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - Arsenal beat a stubborn Ipswich Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.