ബാഴ്‌സലോണ പരിശീലകന്‍ ചാവി ഹെർണാണ്ടസ് ഒരു സൂപ്പര്‍ ഫിനിഷറെ തേടി നടക്കുകയാണ്. മുന്‍നിരയിലേക്ക് ലക്ഷണമൊത്ത ഒരു സ്‌ട്രൈക്കറില്ലാതെ അടുത്ത സീസണില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ബയേണ്‍ മ്യൂണിക്കുമായുള്ള ബന്ധം അവസാനിപ്പിച്ച ഇതിഹാസ താരം റോബർട്ട് ലെവന്‍ഡോസ്‌കി ചാവിയുടെ പദ്ധതിയിലുണ്ട്. കാരണം, ബയേണ്‍ മ്യൂണിക് ജഴ്‌സിയിലും ബൊറൂസിയ ഡോട്മുണ്ട് ജഴ്സിയിലും കഴിഞ്ഞ ഒരു ദശകമായി പോളിഷ് സ്‌ട്രൈക്കര്‍ പുറത്തെടുത്ത മികവ് അസാധാരണമായിരുന്നു.
ബയേണിനായി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 375 മത്സരങ്ങള്‍ കളിച്ച ലെവന്‍ഡോസ്‌കി 344 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. 72 അസിസ്റ്റും. ക്രിസ്റ്റ്യാനോയും മെസിയും അരങ്ങു വാഴുമ്പോള്‍ അവര്‍ക്ക് തൊട്ടുപിറകിലായി ലെവന്‍ഡോസ്‌കി സ്ഥിരതയോടെ ഉണ്ടായിരുന്നു. ബയേണിനായി കഴിഞ്ഞ സീസണിലും ലെവന്‍ഡോസ്‌കി തിളങ്ങിയിരുന്നു. എന്നാല്‍, 30 വയസ്സ് പിന്നിട്ട താരങ്ങള്‍ക്ക് കരാര്‍ പുതുക്കി നല്‍കുന്ന പതിവ് ബയേണിനില്ല.
ബാഴ്‌സലോണയാകട്ടെ ബയേണ്‍ പ്രായാധിക്യം കാരണം വേണ്ടെന്ന് വെച്ച താരത്തിന് പിറകെയാണ്. എന്നാൽ, ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബാഴ്‌സലോണ മുൻ സ്‌ട്രൈക്കര്‍ പാട്രിക് ക്ലൈവർട്ട്. ലെവന്‍ഡോസ്‌കി ലോകോത്തര സ്‌ട്രൈക്കറാണ് എന്നതില്‍ തര്‍ക്കമില്ല. അയാള്‍ക്ക് 34 വയസ്സായെന്ന് മറക്കരുത് -ക്ലൈവര്‍ട്ട് മുന്നറിയിപ്പ് നൽകി.
എന്നാല്‍, മുന്‍നിരയില്‍ പ്രായത്തെ വെല്ലുന്ന ഫോം തുടരുന്ന പോളിഷ് ഇന്റര്‍നാഷനലിനെ ലഭിച്ചാല്‍ ബാഴ്‌സയുടെ ഗോള്‍ ദാരിദ്ര്യം മാറുമെന്ന പ്രതീക്ഷയിലാണ് കോച്ച് ചാവി. ലിവര്‍പൂളിന്റെ സെനഗല്‍ സ്‌ട്രൈക്കര്‍ സദിയോ മാനെ ബയേണ്‍ മ്യൂണിക്കില്‍ ലെവന്‍ഡോസ്‌കിയുടെ പകരക്കാരനായി എത്തിയിട്ടുണ്ട്. പതിനേഴാം നമ്പര്‍ ജഴ്‌സിയിലാണ് മാനെ കളിക്കുക. ലിവര്‍പൂളില്‍ പത്താം നമ്പറിലായിരുന്നു കളിച്ചത്. ബയേണില്‍ ലെറോയ് സാനെയാണ് പത്താം നമ്പര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.