ഹൈദരാബാദ്: ഐ ലീഗിൽ പുതിയ സീസണ് കിക്കോഫ് കുറിച്ച ഉദ്ഘാടനപ്പോരിൽ ശ്രീനിധി ഡെക്കാനെതിരെ ഗോകുലം കേരള എഫ്.സിക്ക് തകർപ്പൻ ജയം. കളിയുടെ ആദ്യ പകുതിയിൽ ഒരുഗോളിന് പിറകിൽനിന്ന ശേഷമായി വമ്പൻ തിരിച്ചുവരവ്. മലബാറിയൻസ് മൂന്നു ഗോളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.
അത്യധികം വാശിയേറിയ മത്സരത്തിൽ ആദ്യ മിനിറ്റു തൊട്ടുതന്നെ ഇരു ടീമുകളും കളം നിറഞ്ഞുകളിച്ചു, ആദ്യ പകുതിയുടെ 40ാം മിനിറ്റിൽ റൊമാവിയ നേടിയ ഗോളിലൂടെ ശ്രിനിധി മുന്നിലെത്തി. ലീഡിന്റെ ബലത്തിൽ കളി കനപ്പിച്ച ശ്രീനിധി താരങ്ങളെ തടയിടാൻ ഗോകുലം പ്രതിരോധം ശരിക്കും വിയർത്തു.
രണ്ടാം പകുതിയിൽ മുഴുവൻ ഊർജവും നൽകി കളിച്ച ഗോകുലം വിജയം മാത്രം ലക്ഷ്യമിട്ടായി പോരാട്ടം. 60ാം മിനിറ്റിൽ മാർട്ടിൻ വല കുലുക്കി ടീമിനെ ഒപ്പമെത്തിച്ചു. തുടർന്നും ആക്രമണ ഫുട്ബാളുമായി കളിച്ച ടീം അർഹിച്ച ഗോൾ നേടിയത് 85ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ അബലേഡോയിലൂടെ. ഇഞ്ച്വറി സമയത്ത് തർപ്യൂയ ഗോൾ നേടിയപ്പോൾ കളി 3-1 ൽ അവസാനിക്കുമെന്ന് തോന്നിച്ചു. തൊട്ടുപിറകെ ശ്രീനിധി ഒരിക്കൽകൂടി വല കുലുക്കിയെങ്കിലും ഗാലറിയിൽ അവസാനമുയർന്നത് ഗോകുലം ആരാധകരുടെ വിജയാഹ്ലാദം. ലീഗിൽ അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കശ്മീർ എഫ്. സിയെ നേരിടും. നവംബർ 29നു ഉച്ച രണ്ടിന് ടി.ആർ.സി ടർഫ് കശ്മീരിലാണ് മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.