കോഴിക്കോട്: കേരള ഫുട്ബാളിൽ നേട്ടങ്ങളുടെ സുവർണനൂലുകൾ നെയ്തെടുത്ത ക്ലബാണ് ഗോൾഡൻ ത്രെഡ്സ് എറണാകുളം. നിരവധി യുവതാരങ്ങളെ വളർത്തിയെടുത്ത കാൽപന്തുകളി സംഘം. വ്യാഴവട്ടം മുമ്പ് പിറവിയെടുത്ത ഗോൾഡൻ ത്രെഡ്സ് കേരള പ്രീമിയർ ലീഗ് (കെ.പി.എൽ) ജേതാക്കളായി ഐ ലീഗ് രണ്ടാം ഡിവിഷനിൽ മാറ്റുരക്കാൻ ഒരുങ്ങുകയാണ്.
പ്രമുഖ ടീമായി വളർന്നെങ്കിലും സഹായത്തിന് ആളില്ലാത്ത അവസ്ഥയിലാണ് ടീം ഉടമയായ നൗഷാദും മാനേജ്മെന്റും. സംസ്ഥാനത്തിന് അഭിമാനമായ ക്ലബ് രണ്ടാം ഡിവിഷൻ ഐ ലീഗിൽ കളിക്കാനായി സ്പോൺസർമാരെ കാത്തിരിക്കുകയാണ്. ഏതാനും കോർപറേറ്റ് സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. അനുകൂല മറുപടികൾക്ക് കാത്തിരിക്കുകയാണ്. ക്ലബിന്‍റെ പെരുമ കേട്ടറിഞ്ഞ് ആരെങ്കിലും സഹായവുമായി എത്തുമെന്ന പ്രതീക്ഷയുമുണ്ട്.
സംസ്ഥാനത്തെ വിവിധ ചാമ്പ്യൻഷിപ്പുകൾ കളിക്കാൻ വർഷത്തിൽ 20 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്. ഐ ലീഗിലേക്ക് കടക്കുന്നതോടെ യാത്രയുടെയും താമസത്തിന്‍റെയും മറ്റും ചെലവ് കൂടും. മുൻ ഗോൾ കീപ്പർ കൂടിയായ സ്രാമ്പിക്കൽ സൈനുദ്ദീൻ നൗഷാദ് ഫുട്ബാളിനെ ഹൃദയത്തിലേറ്റിയ ക്ലബ് ഉടമയാണ്. സ്കൂൾ ടീമിൽ കേരളത്തിനായി കളിച്ച അദ്ദേഹം ഫാക്ടിന്‍റെ താരമായിരുന്നു.
പിന്നീട് ഗോൾഡൻ ത്രെഡ് എന്ന പേരിൽ നൂൽക്കമ്പനിയുണ്ടാക്കി. അതേ കമ്പനിയുടെ പേരിലാണ് 2010 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായത്. 2012ൽ സംസ്ഥാന ക്ലബ് ചാമ്പ്യൻഷിപ്പും നേടി. ടി.പി രഹനേഷ് ഒരുകാലത്ത് ഗോൾഡൻ ത്രെഡ്സിലുണ്ടായിരുന്നു. ഇത്തവണത്തെ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അജയ് അലക്സ്, സോയൽ ജോഷി, ബിബിൻ അജയൻ എന്നിവർ ഗോൾഡൻ ത്രെഡ്സിന്റെ സംഭാവനയാണ്. സോയൽ ഹൈദരാബാദ് എഫ്.സിയിലും ബിബിൻ ഗോകുലത്തിലും ചേർന്നു. മികച്ച താരങ്ങളെ വളർത്തിയെടുത്ത ടീമിന് സഹായവുമായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണ് നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.