ക്ഷമ ചോദിച്ച് മെസ്സി; പി.എസ്.ജി ക്ലബിനോടും സഹതാരങ്ങളോടും

പാരീസ്: ക്ലബിന്‍റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച സംഭവത്തിൽ പി.എസ്.ജിയോടും ക്ലബിലെ സഹതാരങ്ങളോടും ക്ഷമ ചോദിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. സൗദി യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലെന്നും മെസ്സി വ്യക്തമാക്കി.

നേരത്തെ റദ്ദാക്കിയ യാത്രയായിരുന്നു. അതുകൊണ്ട് ഇത്തവണ മാറ്റി നിശ്ചയിച്ച യാത്രക്ക് മാറ്റം വരുത്താൻ സാധിക്കുമായിരുന്നില്ല. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു. തന്‍റെ കാര്യത്തിൽ ക്ലബ് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.


മെയ് മൂന്നിനാണ് അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച ലയണൽ മെസിക്കെതിരെ പി.എസ്.ജി ക്ലബ് അച്ചടക്ക നടപടി സ്വീകരിച്ചത്. മെസിയെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. അച്ചടക്ക നടപടി നേരിടുന്ന സമയത്ത് മെസിക്ക് കളിക്കാനും പരിശീലനത്തിനും അനുമതി ഉണ്ടായിരുന്നില്ല. സസ്പെൻഷൻ കാലയളവിലെ പ്രതിഫലം മെസിക്ക് നൽകില്ലെന്നും പി.എസ്.ജി വ്യക്തമാക്കിയിരുന്നു. മെസിയുടെ സൗദി സന്ദർശനത്തിന് മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്​പോർട്ടിങ് അ​ഡ്വൈസർ ലൂയിസ് കാമ്പോസും അനുമതി നൽകിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ലോറിയന്റിനെതിരെ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദിയിലേക്ക് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറായ മെസ്സി ഭാര്യ അന്റൊണേല റൊ​ക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബ​ത്തെയും സൗദിയിലേക്ക് സ്വാഗതവും ചെയ്തു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.

മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാൽ, ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - 'I apologise' - Lionel Messi after Saudi Arabia trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.