ന്യൂഡൽഹി: പത്ത് ദിവസത്തിലധികം ഇന്ത്യയെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് മാറ്റിനിർത്തിയ ഫിഫ തീരുമാനം പിൻവലിച്ചപ്പോൾ കേന്ദ്ര സർക്കാറിനും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും കായിക പ്രേമികൾക്കും ഒരുപോലെ ആശ്വാസവും ആഹ്ലാദവും.
ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടക്കേണ്ട അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയാവകാശം സസ്പെൻഷനോടെ നഷ്ടമായിരുന്നു. ദേശീയ ടീമുകൾക്കും രാജ്യത്തെ ക്ലബ്ബുകൾക്കും വിദേശത്ത് പോയി കളിക്കാനും കഴിഞ്ഞിരുന്നില്ല. ഫിഫയുടെ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനും എ.ഐ.എഫ്.എഫിന് പൂർണാധികാരം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് ആഗസ്റ്റ് 15ന് ഏർപ്പെടുത്തിയ വിലക്ക് 26ന് പിൻവലിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാവും വരെ ഫുട്ബാൾ ഫെഡറേഷന്റെ ദൈനംദിന ഭരണം നോക്കാൻ കോടതി നിയോഗിച്ച കാര്യനിർവഹണസമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എ.ഐ.എഫ്.എഫിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. രാജ്യത്തെ ഫുട്ബാൾ ആരാധകരുടെ വിജയമെന്നാണ് കായികമന്ത്രി അനുരാഗ് ഠാകൂർ സസ്പെൻഷൻ പിൻവലിച്ചതിനെ വിശേഷിപ്പിച്ചത്. വിലക്ക് നീക്കിയത് ഇന്ത്യൻ ഫുട്ബാളിന്റെ വിജയമാണെന്ന് മുൻ ക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.