മുൻ അർജന്‍റീന-ബാഴ്സലോണ സൂപ്പർതാരം ജാവിയർ മഷറാനോയെ പരിശീലകനായി നിയമിച്ച് മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്‍റർ മയാമി. ഇതിഹാസ താരം ലയണൽ മെസ്സിയുടയൊപ്പം ഇതോടെ മഷറാനോ വീണ്ടും ഒന്നിക്കും. ഇരുവരും ബാഴ്സയിലും അർജന്‍റീനയിലും ഒരുമിച്ച് കളിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാർഡോ മാർട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഷറാനോയെ കോച്ചിങ് സ്ഥാനത്തേക്ക് മയാമി പരിഗണിച്ചത്. 40 വയസുകാരനായ മഷറാനോ റിവർപ്ലേറ്റ്, കോറിന്ത്യാസ്, ലിവർപൂൾ, ബാഴ്സലോണ എന്നിവർക്ക് വേണ്ടിയെല്ലാം പന്ത് തട്ടിയിട്ടുണ്ട്. മെസ്സിക്കൊപ്പം ബാഴ്സയിലും അർജന്‍റീനയിലുമായി ഒരുപാട് മത്സരങ്ങളിൽ അദ്ദേഹം കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
അർജന്‍റീനയുടെ അണ്ടർ 20 ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. 2027 വരെയുള്ള സീസണിലാണ് മഷറാനോ മയാമിയുമായുള്ള കരാർ ഒപ്പുവെച്ചിരിക്കുന്നത്. ബാഴ്സക്കായി 203 മത്സരത്തിൽ കളത്തിലിറങ്ങിയ താരം മയാമിയിലെ നിലവിലെ താരങ്ങളായ ലൂയിസ് സുവാരസ്, സെർജിയോ ബസ്കറ്റ്സ്, ജോർദി ആൽബ എന്നിവർക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളും പരിചയസമ്പത്തുള്ള കോച്ചുമായ മഷറാനോക്ക് പരീശീലകൻ എന്ന നിലക്ക് മയാമിക്കായി ഒരുപാട് സമ്പാവനകൾ നൽകുവാൻ സാധിക്കുമെന്ന് ക്ലബ്ബിന്‍റെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.