കൊച്ചി: ഐഎസ്എൽ ഏഴാം സീസണിൽ ഭാവി വാഗ്ദാനമായ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകും. രണ്ട് വർഷത്തേക്കാണ് കരാർ. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തെൻറ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ താരം രണ്ട് വർഷം പരിശീലനം നേടി.
അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ ഗിൽ ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഈ യുവ ഷോട്ട്-സ്റ്റോപ്പർ കെബിഎഫ്സി ടാലൻറ് ഹണ്ട് ടീമിെൻറ ശ്രദ്ധ പിടിച്ചുപറ്റി. ബെംഗളൂരു എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് ഗിൽ എത്തുന്നത്.
"ക്ലബ്ബ് മാനേജുമെൻറ് വളരെ ആത്മാർത്ഥമായാണ് എെൻറയും ടീമിെൻറയും ഭാവി പരിപാടികൾ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നൽകുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആഗ്രഹമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെത്തിച്ചത്. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ ആരാധകർക്ക് ഉറപ്പുനൽകുന്നു. " -പ്രഭ്സുഖാൻ ഗിൽ പറഞ്ഞു.
"19 വയസുകാരനായ പ്രഭ്സുഖാൻ, ഈ പ്രായത്തിൽ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോൾകീപ്പറുമാണ്. കൈയും കാലും കൊണ്ട് ഒരേപോലെ ശ്രമങ്ങൾ നടത്താൻ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. ഗില്ലിെൻറ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളർച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെയും ശക്തിപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്, കൂടാതെ അദ്ദേഹം ടീമിൽ ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. " കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റൻറ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.