കൊച്ചി: അടച്ചിട്ട ഗാലറികൾ ആവേശത്തിലേക്ക് തുറന്നു. മഞ്ഞ പുതച്ച്, ആരവങ്ങളിലമർന്ന് കൊച്ചിയും കേരളവും കാത്തിരിക്കുന്നു. രണ്ടു വർഷം കളിയുടെ ആവേശനിമിഷങ്ങളകന്നുനിന്ന കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയുടെ നിറം വീണ്ടും വിസ്മയാവഹമായ മഞ്ഞയണിഞ്ഞു. ഇനി ഏതാനും മിനിറ്റുകൾ മാത്രം... നെഹ്റു സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ ഇന്ത്യൻ സോക്കർ ലീഗിന്റെ സീസണിലെ ആദ്യ മത്സരത്തിലേക്ക് പന്തുരുളും.
വെള്ളിയാഴ്ച രാവിലെ മുതൽ കൊച്ചി നഗരത്തിലേക്ക് കളിയാരാധകരുടെ ഒഴുക്കായിരുന്നു. കാണുന്നിടത്തൊക്കെയും കേരള ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമിട്ട ആരാധകവൃന്ദം. ഉച്ചയോടെ സ്റ്റേഡിയം പരിസരം കളിക്കമ്പക്കാരാൽ നിറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി വിൽപനക്കായി തിരുപ്പൂരിൽ നിന്നടക്കമുള്ള നിരവധി പേർ. ആരാധകർ തിരക്കുകൂട്ടിയപ്പോൾ അവരുടെ മനസ്സിനിഷ്ടപ്പെട്ട ആയിരക്കണക്കിന് മഞ്ഞക്കുപ്പായങ്ങൾ ചൂടപ്പം പോലെ വിറ്റുപോയി. മുഖത്ത് ചായം തേക്കുന്നവരും വിസിൽ വിൽക്കുന്നവരും സജീവമായി. രാത്രി ഏഴിന് നടക്കുന്ന കളിക്ക് ഉച്ചക്കുതന്നെ കവിളിലും തലയിലും മഞ്ഞ ചായം തേച്ച് കാത്തിരിക്കുകയായിരുന്നു ഒരുപാട് ആരാധകർ.
വൈകീട്ട് അഞ്ചു മണിക്ക് ഗാലറികൾ തുറന്നതും അവർ ആഘോഷമായി ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സിന്റെ കേളികേട്ട ആരാധകക്കൂട്ടമായ മഞ്ഞപ്പട നിലയുറപ്പിച്ച കിഴക്കേ ഗാലറി ഏറെ മുമ്പേ നിറഞ്ഞു. ഗാലറിയിലെത്തിയതു മുതൽ അവർ നിർത്താതെ കൊടിവീശിയും ആരവമുയർത്തിയും കിക്കോഫ് വിസിലിനെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.