'ആരാധകരേ ശാന്തരാകുവിൻ...കപ്പടിച്ചാൽ കിട്ടുന്ന സുഖം കറണ്ടടിച്ചാൽ കിട്ടൂല...'; അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാമെന്ന് കെ.എസ്.ഇ.ബി

ഫുട്ബോൾ ലഹരി കൊടുമുടി കയറുമ്പോൾ ആവേശം അതിരുകവിയരുതെന്ന ഓർമപ്പെടുത്തലുമായി കെ.എസ്.ഇ.ബി. ഫുട്ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിലാണെന്നും ഇത് അപകടമാണെന്നും വൈദ്യുതബോർഡ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാമെന്നും കുറിപ്പിൽ പറയുന്നു.

കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക അകൗണ്ടിൽ വന്ന കുറിപ്പിന് താഴെ ഫുട്ബോൾ പ്രേമികൾ കമന്റുകളുമായി നിറഞ്ഞിട്ടുണ്ട്. 'ആരാധകരേ...ശാന്തരാകുവിൻ...കപ്പടിച്ചാൽ കിട്ടുന്ന സുഖം കറണ്ടടിച്ചാൽ കിട്ടൂല..കാറ്റ്പോയാൽ പിന്നെ കളികാണാൻ പറ്റൂലട്ട' എന്നാണ് ഒരാൾ എഴുതിയത്. കെ.എസ്.ഇ.ബി ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ.

ലോകം ഫുട്ബോൾ ലഹരിയിലാണ്. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്ബോൾ പ്രേമി കൾ ആവേശത്തിമിർപ്പിൽ.

ഇഷ്ട താരങ്ങളുടെ വമ്പൻ ഹോർഡിംഗുകൾ സ്ഥാപിച്ചും ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.

ഫുട്ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിൽ.

വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ

ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.



Tags:    
News Summary - KSEB said electricity poles may be exempted from decorations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.