ന്യൂയോർക്ക്: ഇൻജുറി ടൈം ഗോളിൽ ഇന്‍റർ മയാമിയെ അട്ടിമറിച്ച് അറ്റ്ലാന്‍റ യുനൈറ്റഡ്. എം.എൽ.എസ് കപ്പ് പ്ലേ ഓഫിലെ രണ്ടാംപാദ മത്സരത്തിൽ ലയണൽ മെസ്സിയെയും സംഘത്തെയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അറ്റ്ലാന്‍റ വീഴ്ത്തിയത്.
സ്വന്തം തട്ടകമായ മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീഡ് വഴങ്ങിയശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ച് അറ്റ്ലാന്‍റ വിലപ്പെട്ട ജയം പിടിച്ചെടുത്തത്. ഇതോടെ പ്ലേ ഓഫ് പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിന് കളമൊരുങ്ങി. ജയിക്കുന്നവർ ക്വാർട്ടറിലെത്തും. ഡെറിക് വില്യംസ് (58ാം മിനിറ്റിൽ), പകരക്കാരനായി ഇറങ്ങിയ സാൻഡെ സിൽവ (90+4) എന്നിവരാണ് ടീമിനായി വിജയ ഗോൾ നേടിയത്. 40ാം മിനിറ്റിൽ ഡേവിഡ് മാർട്ടിനെസിന്‍റെ വകയായിരുന്നു മയാമിയുടെ ആശ്വാസ ഗോൾ.
ആദ്യപാദ മത്സരത്തിൽ മയാമി 2-1ന്‍റെ വിജയം നേടിയിരുന്നു. അർജന്‍റൈൻ ഇതിഹാസം മെസ്സി 90 മിനിറ്റ് കളിച്ചിട്ടും ടീം പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കി. ആവേശകരമായ മത്സരത്തിൽ 40ാം മിനിറ്റിൽ റെഡോണ്ടോയുടെ അസിസ്റ്റിൽനിന്ന് മാർട്ടിനെസിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ, സ്വന്തം കാണികൾക്ക് മുന്നിൽ നിശ്ചയദാർഢ്യത്തോടെ പൊരുതിയ അറ്റ്ലാന്‍റ 58ാം മിനിറ്റിൽ ഡെറിക് വില്യംസിലൂടെ സമനില പിടിച്ചു. ഇതിനിടെ 83ാം മിനിറ്റിൽ മയാമിയെ മുന്നിലെത്തിക്കാൻ മെസ്സിക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.
നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് പകരക്കാരമനായി സാൻഡെ സിൽവ കളത്തിലെത്തുന്നത്. മത്സരം സമനിലയിൽ പിരിയുമെന്നും ആദ്യപാദ ജയത്തിന്‍റെ ബലത്തിൽ മയാമി ക്വാർട്ടറിലേക്ക് മുന്നേറുമെന്നും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ സിൽവ അറ്റ്ലാന്‍റക്കായി വിജയഗോൾ നേടുന്നത്. ബോക്സിന്‍റെ തൊട്ടു വെളിയിൽനിന്ന് അലക്സി മിറാൻചുക്ക് നൽകിയ പന്തുമായി മുന്നേറി സിൽവ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബോക്സിന്‍റെ ഇടതുമൂലയിൽ.
പന്തിനായി മയാമി ഗോൾ കീപ്പർ ഡൈവ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ജഴ്സി അഴിച്ച് മയാമി ആരാധകരുടെ അടുത്തുപോയി ഗോളാഘോഷം നടത്തിയതിന് സിൽവക്ക് മഞ്ഞ കാർഡും കിട്ടി. ജയത്തോടെ അറ്റ്ലാന്‍റ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. നിർണായകമായ മൂന്നാം മത്സരം ഈമാസം 10ന് രാവിലെ 6.30ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.