ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയിക്കാനാകാതെ മാഞ്ചസ്റ്റർ യുനൈറ്റഡ് ചരിത്ര നാണക്കേടിലേക്ക് നീങ്ങുന്നു. ഓൾ ട്രഫോർഡിൽ നടന്ന പോരാട്ടത്തിൽ ചെൽസിക്കെതിരെ യുനൈറ്റഡ് സമനില വഴങ്ങി.
70ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസിലൂടെ യുനൈറ്റഡാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാൽ 74ാംമിനിറ്റിൽ മോയിസെസ് കൈസെഡോ ചെൽസിക്കായി ഗോൾ മടക്കിയതോടെ യുനൈറ്റഡിന്റെ വിജയ മോഹം പൊലിഞ്ഞു.
സമനിലയാണെങ്കിലും ചെൽസി പട്ടികയിൽ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് വീതമുള്ള ചെൽസിയും ആഴ്സനലും ആസ്റ്റൺ വില്ലയും ഗോൾശരാശരിയുടെ വ്യത്യാസത്തിൽ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിലാണ്.
അതേ സമയം 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് മാത്രമുള്ള യുനൈറ്റഡ് 13ാം സ്ഥാനത്താണ്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ യുനൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിലേത്. 1986-87 സീസണിന് ശേഷം 10 മത്സരങ്ങൾക്ക് കഴിഞ്ഞുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഈ സീസണിലേത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം ആസ്റ്റൺ വില്ലയെ 4-1 ന് തകർത്തു. സ്ട്രൈക്കർ ഡൊമനിക് സോലങ്കെ ഇരട്ടഗോൾ നേടിയപ്പോൾ ബ്രെന്നൻ ജോൺസൺ, ജയിംസ് മാഡിസൺ എന്നിവർ ഒരോ ഗോൾ നേടി. മോർഗൻ റോജേഴ്സാണ് ആസ്റ്റൺ വില്ലയുടെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ടോട്ടനം 19 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.