കെ.​ടി. ന​വാ​സ് മ​ത്സ​ര​ത്തി​നി​ടെ (ഫ​യ​ൽ ചി​ത്രം)

കെ.ടി. നവാസ്; ടൈറ്റാനിയത്തിന്‍റെ വിശ്വസ്ത കാവൽക്കാരൻ

മഞ്ചേരി: ഗോൾ പോസ്റ്റിന് കീഴിൽ എന്നും വിശ്വസ്തനായ കാവൽക്കാരനായിരുന്നു കെ.ടി. നവാസെന്ന അരീക്കോട്ടുകാരൻ. പന്തുകളിയുടെ തറവാട്ടുമുറ്റത്ത് നിന്നും സ്കൂൾ പഠന കാലത്ത് തന്നെ ഗ്ലൗസണിഞ്ഞതോടെ കേരളം കണ്ട മികച്ച ഗോൾ കീപ്പർമാരിലൊരാളായി മാറി. രണ്ട് വർഷം സന്തോഷ് ട്രോഫി ടീമിലിടം നേടി. അണ്ടർ -21 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനായും തിരുവനന്തപുരത്തിനായും കളിച്ചു. 1998 ൽ ടൈറ്റാനിയം ക്ലബിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. പിന്നീട് അഞ്ച് വർഷക്കാലം മലപ്പുറം ജില്ല ടീമിന് വേണ്ടി സീനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചു. ഇതിൽ നാല് വർഷവും കിരീടം നേടി നവാസ് ഉൾപ്പെട്ട ജില്ല ടീം. മഞ്ചേരിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിച്ച് കപ്പടിച്ചത് മറക്കാനാവാത്ത ഓർമയാണെന്ന് നവാസ് പറ‍യുന്നു.

സീനിയർ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയതോടെ സന്തോഷ് ട്രോഫി ടീമിലേക്കും വിളിയെത്തി. 2008-09 വർഷം ജമ്മുകശ്മീരിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ആദ്യം ടീമിലിടം നേടിയത്. തൊട്ടടുത്ത വർഷം കോയമ്പത്തൂരിൽ നടന്ന മത്സരങ്ങളിലും കേരളത്തിനായി വലകാത്തു. സുവർണകാലം മുഴുവൻ ടൈറ്റാനിയത്തിനായി ബൂട്ടുകെട്ടി. തുടർച്ചയായി 18 വർഷക്കാലം ക്ലബിന്‍റെ വല കാത്തു. കലിംഗ കപ്പ്, അയനോർ കപ്പ്, പുണെ അഭിജിത്ത് മെമ്മോറിയിൽ റണ്ണേഴ്സ് കിരീടം, സിക്കിം ഗോൾഡ് കപ്പ് റണ്ണേഴ്സ് കിരീടം എന്നിവയും ടൈറ്റാനിയത്തിന്‍റെ ഷോക്കേസിലെത്തിച്ചു. അയനോർ കപ്പ്, ഇ.കെ. നായനാർ മെമ്മോറിയൽ ട്രോഫി എന്നിവയിൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സന്തോഷ് ട്രോഫി സ്വന്തം നാട്ടിലേക്കെത്തുമ്പോൾ അതിരില്ലാത്ത സന്തോഷം ഉണ്ടെന്നും കേരളത്തിനായി ആർപ്പുവിളിക്കാൻ പയ്യനാട് എത്തുമെന്നും നവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ ടൈറ്റാനിയത്തിൽ സീനിയർ പ്രോസസ് ഓപറേറ്റർ ആയി ജോലി ചെയ്തുവരികയാണ്. കുടുംബസമേതം തിരുവനന്തപുരത്താണ് താമസം. ഭാര്യ: സുമിയ (സീനിയർ ലെക്ചറർ, സിമറ്റ് നഴ്സിങ് കോളജ്, തിരുവനന്തപുരം). ഐക മറിയം നവാസ്, ഇസാൻ മുഹമ്മദ് നവാസ് എന്നിവർ മക്കളാണ്.

സന്തോഷ് ട്രോഫി സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് മൂന്നിന് മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫിസില്‍ ഇന്ത്യൻ ഫുട്‌ബാള്‍ താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേരി -പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി.ഐ.പി കസേര, വി.ഐ.പി ഗ്രാൻഡ് എന്നിവയാണ് നൽകുന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും.

ദിവസ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിലും ലഭ്യമാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ്. വി.ഐ.പി കസേരക്ക് 1000 രൂപയും സീസണ്‍ ടിക്കറ്റിന് 10,000 രൂപയുമാണ് നിരക്ക്. ഒരേസമയം മൂന്നുപേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി ഗ്രാൻഡ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് നിരക്ക്.

Tags:    
News Summary - K.T. Navas; Of titanium Faithful watchman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.