ബാഴ്സലോണ: യൂറോ കപ്പിൽ സ്പെയിനിനെ കിരീടത്തിലെത്തിച്ച യുവതാരങ്ങളിൽ പ്രമുഖനായ നിക്കൊ വില്യംസിനെ ലാലിഗ അതികായരായ ബാഴ്സലോണയിലെത്തിക്കാൻ ‘പണപ്പിരിവു’മായി ആരാധകർ. സമൂഹ മാധ്യമമായ ടിക് ടോക് വഴി പ്രതീകാത്മകമായാണ് ബാഴ്സലോണ ഔദ്യോഗിക അക്കൗണ്ടിൽ പിരിവ് സംഘടിപ്പിച്ചത്. സ്പാനിഷ് വിങ്ങറായ സഹതാരം ലാമിൻ യമാൽ ബാഴ്സ മുന്നേറ്റത്തിലെ കുന്തമുനയാണ്. വില്യംസും യമാലും ചേർന്നാണ് യൂറോ കപ്പിൽ സ്പാനിഷ് മുൻനിര നേടിയതിലേറെയും നേടിയത്. ഇരുവശങ്ങളിലായി പറന്നുകയറിയ ഇരുവരും ചേർന്ന് ഏറ്റവും മികച്ച ടീമുകളെ പോലും നിഷ്പ്രഭമാക്കിയായിരുന്നു കപ്പുയർത്തിയത്.
നിലവിൽ അത്‍ലറ്റിക് ബിൽബാവോ താരമാണ് നിക്കൊ വില്യംസ്. യൂറോക്കു പിറകെ യൂറോപ്പിലെ പ്രമുഖ ടീമുകളെല്ലാം താരത്തിനു പിന്നാലെയായതോടെയാണ് ട്രാൻസ്ഫർ വിപണിയിൽ താരത്തിന് കുത്തനെ വിലയുയർന്നത്. എന്നാൽ, ബാഴ്സയിൽ യമാൽ- വില്യംസ് കൂട്ടുകെട്ട് ആവർത്തിക്കാനായാൽ മെസ്സിയുടെ നഷ്ടം തിരിച്ചുപിടിക്കാനും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ നടത്താനുമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ‘‘നിക്കൊയുമായി കരാറിൽ ഒപ്പുവെക്കൂ’’, ‘‘ഞങ്ങൾ 100 ശതമാനവും നിക്കൊയെ കാത്തിരിക്കുന്നു’’, ‘‘നിക്കൊ വില്യംസിനായി’’ എന്നിങ്ങനെ കുറിച്ചാണ് ടിക് ടോകിൽ ആരാധകർ പണം നൽകുന്നത്.
നിലവിൽ ഏഴ് കോടി യൂറോയാണ് താരത്തിന് ഏകദേശ മൂല്യം കണക്കാക്കുന്നത്. 5.8 കോടി ഡോളർ നൽകിയാൽ താരത്തെ ക്ലബ് കൈമാറുമെന്നും സൂചനയുണ്ട്. എന്നാൽ, ആരാധകർ നൽകുന്ന തുക അഞ്ച് സെന്റ് മുതൽ ഒരു യൂറോ വരെ മാത്രമായതിനാൽ ദാനമായി കിട്ടുന്ന തുകവെച്ച് നിക്കൊയെ ക്ലബിലെത്തിക്കൽ എളുപ്പമാകില്ല. കഴിഞ്ഞ സീസണിൽ ലാലിഗ രണ്ടാമന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. പുതിയ സീസണിലേക്ക് ടീം ഇതുവരെ ഒരാളുമായും കരാറിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.