പാരിസ്: കളത്തിൽ വേഗംകരുത്താക്കി എതിരാളികളെ അതിജയിക്കുന്ന മുന്നേറ്റക്കാരന്റെ ബൂട്ടിൽനിന്ന് അതിവേഗത്തിലൊരു ഗോൾ. കിക്കോഫ് വിസിൽ മുഴങ്ങി കേവലം എട്ടുസെക്കൻഡിനകം എതിരാളികളുടെ വലകുലുക്കി പി.എസ്.ജി സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണ് വിസ്മയനേട്ടം കൊയ്തത്.
ഫ്രഞ്ച് ലിഗെ വണ്ണിൽ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോർഡിനൊപ്പമാണ് ഈ ഗോൾ സ്ഥാനംപിടിച്ചത്. 1992ൽ കാനിനെതിരെ കായെനിനുവേണ്ടി മൈക്കൽ റിയോ നേടിയ ഗോളാണ് ലീഗ് വണ്ണിൽ ഇതിനുമുമ്പ് എട്ടുസെക്കൻഡിൽ കുറിക്കപ്പെട്ടത്. ലില്ലെക്കെതിരെ കിക്കോഫ് വിസിലിൽനിന്നുതന്നെ എംബാപ്പെ നേടിയ ഗോൾ പി.എസ്.ജിയുടെ എക്കാലത്തേയും അതിവേഗ ഗോളായും മാറി.
റഫറി വിസിൽ മുഴക്കിയതും ടച്ച് ചെയ്തു നീക്കിയ പന്ത് ലയണൽ മെസ്സി സമർഥമായി ത്രൂബോളിലൂടെ ഉയർത്തിയിട്ടുനൽകുകയായിരുന്നു. ഉടനടി മുന്നോട്ടാഞ്ഞ് പന്ത് സ്വീകരിക്കുമ്പോൾ എംബാപ്പെക്ക് മുന്നിൽ ഗോളി മാത്രം. തടയാനെത്തിയ ലില്ലെ ഗോൾകീപ്പറുടെ കൈകൾക്ക് അപ്രാപ്യമായി ഫ്രഞ്ചുകാരൻ പോസ്റ്റിലേക്ക് ഉയർത്തിയിട്ട പന്ത് വലക്കണ്ണികൾക്കൊപ്പം ചേരുമ്പോൾ ഗാലറി അതിശയം കൂറി.
തകർപ്പൻ തുടക്കം മുതലെടുത്ത് കളംഭരിച്ച പി.എസ്.ജി ഒടുവിൽ 7-1നാണ് ജയിച്ചുകയറിയത്. എംബാപ്പെ ഹാട്രിക്കും നെയ്മർ രണ്ടുഗോളും നേടിയ കളിയിൽ മെസ്സി ഒരുതവണ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.