ബാഴ്സലോണ: സിറ്റി വിട്ട് ബാഴ്സയിലെത്തിയ മെസ്സിയുടെ സഹതാരം സെർജിയോ അഗ്യൂറോക്കും ബാഴ്സയെ രക്ഷിക്കാനായില്ല. മെസ്സിയാനന്തര ബാഴ്സ ആദ്യ എൽക്ലാസികോ പോരാട്ടത്തിനിറങ്ങിയപ്പോൾ കറ്റലന്മാരെ അവരുടെ തട്ടകത്തിൽ 2-1ന് റയൽ മഡ്രിഡ് തോൽപിച്ചു. ഡേവിഡ് അലാബയുടെ(32) ആദ്യ പകുതിയിലെ സൂപ്പർ ഗോളും 93ാം മിനിറ്റിൽ ലൂകാസ് വസ്ക്വസ് നേടിയ ഗോളിലും റയൽ മഡ്രിഡ് ജയം ഉറപ്പിച്ചു.
ആവേശപ്പോരാട്ടത്തിൽ സെർജിയോ അഗ്യൂറോ ബാഴ്സ ജഴ്സിയിലെ ആദ്യ ഗോൾ നേടി പ്രതീക്ഷ നൽകിയെങ്കിലും ഏറെ വൈകിയിരുന്നു. എല്ലാം അവസാനിച്ച് റഫറി അവസാന വിസിലിന് ഒരുങ്ങാനിരിക്കെ 97ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ അസമയത്തുള്ള ഗോൾ.
ആവേശകരമായിരുന്നു മത്സരം. റയൽ മുന്നേറ്റ നിരയിൽ കരീം ബെൻസേമയും വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും കളിച്ചപ്പോൾ, കറ്റാലന്മാർക്കായി സെർജിനോ ഡെസ്റ്റും കൗമാര താരം ആൻസു ഫാത്തിയും മെംഫിസ് ഡിപായും ബൂട്ടുകെട്ടി. വമ്പൻ താരങ്ങളുള്ള റയൽ ബാഴ്സ ഗോൾ മുഖംവിറപ്പിക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും തുടക്കത്തിൽ കറ്റാലന്മാരുടെ കാലിലായിരുന്നു പന്തു മുഴുവൻ. ചെറു പാസിലൂടെ ബാഴ്സ റയൽ പോസ്റ്റിലേക്ക് ഇരച്ചു കയറി. ഗോളിന് അരികിൽ പലതവണ ബാഴ്സ എത്തിയെങ്കിലും ഗോൾ ഭാഗ്യമുണ്ടായില്ല. സെർജിയോ ഡെസ്റ്റിനും ജെറാഡ് പീക്വെക്കും സുവർണാവസരം ലഭിച്ചെങ്കിലും റയൽ വലയിൽ പന്തെത്തിയില്ല.
എന്നാൽ, 32ാം മിനിറ്റിൽ റയൽ നടത്തിയ ഒന്നാന്തരമൊരു കൗണ്ടറിൽ ബാഴ്സ തകിടം മറിഞ്ഞു. പ്രതിരോധ നിര ഒപ്പം ഒാടിയെങ്കിലും രക്ഷയുണ്ടായില്ല. റയൽ ഡിഫന്‍റർ ഡേവിഡ് അലാബയാണ് കൗണ്ടറിന് തുടക്കം കുറിച്ചത്. ഒടുവിൽ പോസ്റ്റിനു മുന്നിൽ നിന്ന് റോഡ്രിഗോയിൽ നിന്ന് പന്ത് വാങ്ങി താരംതന്നെ ഒന്നാന്തരമൊരു ഷോട്ട് ഉതിർത്ത് വലതുളക്കുകയും ചെയ്തു.
രണ്ടാം പകുതി തിരിച്ചടിക്കാമെന്ന ബാഴ്സയുടെ കണക്ക്കൂട്ടലും നടന്നില്ല. ചെറുപാസുകൾ റയൽ താരങ്ങൾ മനോഹരമായി കീറിമുറിച്ചു. ഒടുവിൽ 93ാം മിനിറ്റിൽ ലൂകാസ് വസ്കസും ഗോൾ നേടിയതോടെ റയൽ ജയം ഉറപ്പിച്ചു. ഇഞ്ചുറി സമയം 97ാം മിനിറ്റിൽ സെർജിയോ അഗ്യൂറോ ഗോൾ നേടി ബാഴ്സക്ക് പ്രതീക്ഷ നൽകിയെങ്കിലും വൈകിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്സയിലെത്തിയ അഗ്യൂറോയുടെ ആദ്യ ബാഴ്സ ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.