ലാമിൻ യമാൽ: കളിയുടെ കലാശാലയിൽ നിന്നൊരു ‘ബാലെ നർത്തകൻ’

ബാഴ്സലോണയെന്നാൽ ഫുട്ബാളിന്റെ അൾത്താരയിൽ വാഴ്ത്തപ്പെട്ട ഇടമാണ്. ​പുൽത്തകിടിയിൽ പ്രതിഭയുടെ പരിമളം പരത്തുന്ന പൂമൊട്ടുകളെ ചേതോഹരമായി വിരിയിപ്പിച്ചെടുക്കുന്ന അതിശയക്കളരി. കളിയുടെ ഭൂമികയിൽ സൃഷ്ടിപരതയെ പരിപോഷിപ്പിക്കുകയും ആധികാരികതയെ ആഘോഷിക്കുകയും ചെയ്യുന്ന വിളനിലം.

ഓരോ കളിക്കാരനിലും ക്രിയേറ്റിവിറ്റിയും ക്വാളിറ്റിയും പ്രചോദനപരതയും തുല്യ അളവിൽ സമ്മേളിക്കുന്ന കളിസംഘമാണത്. ജീനിയസ്സു​കളെ ഏതുവിധം വളർത്തിക്കൊണ്ടുവരണമെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നവർ. ലാ മാസിയയെന്ന അക്കാദമി കളിയുടെ എല്ലാംതികഞ്ഞ കലാശാല തന്നെയായി മാറുന്നത് കാവ്യപരതയിൽ നീക്കങ്ങൾ മെനയുന്ന അതിന്റെ ചിട്ടവട്ടങ്ങൾ കൊണ്ടുതന്നെയാണ്. തുടക്കകാലംമുതൽ എണ്ണമറ്റ പ്രതിഭകളെ വിരിയിച്ചെടുക്കുന്ന അക്കാദമിയുടെ വളക്കൂറുള്ള മണ്ണിൽ എല്ലാകാലത്തും വസന്തമെന്നതു​പോലെ വിടർന്നു പരിലസിക്കുന്ന താരഗണങ്ങളേറെ.

ഈ പ്രതിഭാബാഹുല്യത്തിനിടയിൽനിന്നാണ് നൂകാമ്പിൽ നക്ഷത്രത്തിളക്കമുള്ള പുതുവിസ്മയം പിറവി കൊള്ളുന്നത്. ലാ മാസിയ അക്കാദമിയിൽനിന്ന് ബാലെ നർത്തകനെപ്പോലെ പന്തുതട്ടാൻ പഠിച്ച ഒരു പതിനാറുകാരൻ. പേര് ലാമിൻ യമാൽ. അങ്കങ്ങളേറെ പയറ്റിത്തെളിഞ്ഞ പുരുഷ കേസരികൾക്കൊപ്പം പുതുമുഖക്കാരന്റെ പങ്കപ്പാടില്ലാതെ കൗമാരക്കാരൻ പയ്യൻ പന്തുതട്ടുന്നതു കണ്ട് അതിശയം കൊള്ളുകയാണ് ലോകം.

Full View

ലാമിൻ യമാൽ നാസ്റവൂയി ഇബാന എന്ന കുഞ്ഞ് ജനിച്ചത് ബാഴ്സലോണയിലെ മതാറോ എന്ന സ്ഥലത്താണ്. ​പിതാവ് മുനീർ നാസ്റവൂയി മൊറോക്കോക്കാരൻ. മാതാവ് ഷെയ്‍ല ഇബാന ഇക്വറ്റോറിയൽ ഗ്വിനിയ സ്വദേശിനി. കുഞ്ഞുന്നാളിൽ പന്തുമായി വല്ലാത്ത പാരസ്പര്യം പുലർത്തിയ പയ്യൻ ലാ മാസിയയിൽ എത്തിയത് സ്വാഭാവികം. വൈകാതെ അക്കാദമിയുടെ മികച്ച ഭാവിവാഗ്ദാനങ്ങളിൽ ഒരാളായി അവൻ പേരെടുത്തു. ബാഴ്സലോണ കോച്ച് സാവി ഹെർണാണ്ടസിന്റെ നോട്ടം യമാലിൽ പതിയാൻ അധികകാലം വേണ്ടിവന്നില്ല. പയറ്റിത്തെളിയുന്നതിനു മുമ്പേ അതിശയിപ്പിക്കുന്ന പന്തടക്കത്തിന് സാവിയുടെ സാക്ഷ്യമായി 2022 സെപ്റ്റംബറിൽ ഫസ്റ്റ് ടീമിനോടൊപ്പം പരിശീലനം. പതിനഞ്ചു വയസ്സു മാത്രമായിരുന്നു അ​പ്പോൾ യമാലിന്.

2023 ഏപ്രിൽ 29ന് റയൽ ബെറ്റിസിനെതിരായ ലാ ലീഗ മത്സരം 82 മിനിറ്റു പിന്നിടുന്നു. കോച്ച് സാവി സെൻട്രൽ മിഡ്ഫീൽഡിൽനിന്ന് ഗാവിയെ പിൻവലിക്കുന്നു. പകരം കളത്തിലേക്ക് പോകുന്നത് ലാമിൻ യമാൽ. അവന​​പ്പോൾ പ്രായം 15 വർഷം, ഒമ്പതു മാസം, 16 ദിവസം. ബാഴ്സലോണയുടെ ഫസ്റ്റ് ടീമിൽ അരങ്ങേറ്റത്തിനിറങ്ങുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരം. 2023 മെയ് 14ന് ബാഴ്സലോണ ലാ ലീഗ കിരീടത്തിൽ മുത്തമിടുമ്പോൾ സംരവ ബഹുലമായേക്കാവുന്ന കരിയറിൽ ലാമിന്റെ ഗംഭീര തുടക്കം കൂടിയായിരുന്നു അത്.

2023 ആഗസ്റ്റ് 20. എസ്റ്റേഡി ഒളിമ്പിക് ലൂയിസിൽ കാഡിസിനെതിരെ ബാഴ്സലോണയുടെ മത്സരം. താരനിബിഡമായ കറ്റാലൻ നിരയുടെ സ്റ്റാർട്ടിങ് ഇലവനിൽ അവന്റെ പേരുണ്ടായിരുന്നു. ബാഴ്സയുടെ സ്റ്റാർട്ടിങ് ​​ലൈനപ്പിൽ ഇടംപിടിച്ച എക്കാലത്തേയും പ്രായം കുറഞ്ഞ താരമായത് 16 വർഷവും 38 ദിവസവും മാത്രം പ്രായമുള്ളപ്പോൾ. ആഗസ്റ്റ് 28ന് വിയ്യാറയലിനെതിരെ ആവേശകരമായ കളിയിൽ ബാഴ്സ 4-3ന് ജയം പിടിച്ചെടുത്തപ്പോൾ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ടുഗോളുകൾക്ക് അത്യുജ്വലമായി ചരടുവലിച്ച ആ കൗമാരക്കാരനായിരുന്നു. ലാ ലീഗയിൽ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ അസിസ്റ്റ് എന്ന റെക്കോർഡും അതോടൊപ്പം ​ചേർത്തെഴുതപ്പെട്ടു.


സീനിയർ ടീമിനൊപ്പം സ്റ്റാർട്ടിങ് ലൈനപ്പിൽ വെറും രണ്ടേരണ്ടു മത്സരങ്ങൾ മാത്രം! ലാമിൻ യമാലിന്റെ പ്രകടനം അവിശ്വസനീയതയോടെ കണ്ടുനിൽക്കുകയാണ് ലോകം. ലാ മാസിയയിൽനിന്നു വളർന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെന്ന ചക്രവർത്തിപദത്തിലേക്ക് ലോകം ജയിച്ച് കയറിയെത്തിയ സാക്ഷാൽ ലയണൽ മെസ്സിയോട് പയ്യന്റെ മികവിനെ താരതമ്യം ചെയ്തു തുടങ്ങിയിട്ടുണ്ട് പലരും. ഇടങ്കാലി​ൽ കുരുക്കി പന്തിനെ തന്റെ കണക്കുകൂട്ടലുകൾക്കൊത്ത് അമ്മാനമാടാൻ കഴിയുന്ന കൗമാരതാരത്തിന്റെ ഡ്രിബ്ലിങ്, പാസിങ്, സ്കോറിങ് പാടവം കണ്ണഞ്ചിക്കുന്നതാണ്. വിസ്മയിപ്പിക്കുന്ന മെയ്‍വഴക്കത്തിന്റെ സഹായമുള്ളതിനാൽ സെന്റർ ഫോർവേഡോ അറ്റാക്കിങ് മിഡ്ഫീൽഡറോ വിങ്ങറോ ഒക്കെയായി കളിക്കാൻ ലാമിൻ റെഡി. കളത്തിൽ അവനെ അപകടകാരിയാക്കി മാറ്റുന്നതും ഏതു പൊസിഷനിലും കളിക്കാനും ഏതു പ്രതിരോധപ്പൂട്ടുകളെയും കുതറിത്തെറിക്കാനും കഴിയുന്ന മിടുക്കുതന്നെയാണ്.

Full View

ഡ്രിബ്ലിങ് ആണ് അവന്റെ വജ്രായുധങ്ങളിലൊന്ന്. കയറിയെത്താനാവാത്ത ഇടങ്ങളിലേക്ക് വൺ-ഓൺ-വൺ ഡ്രിബ്ലിങ്ങിന്റെ മാസ്മരികതയുമായി ലാമിൻ കയറിയെത്തുമ്പോൾ പിടിച്ചുകെട്ടുക ദുഷ്‍കരം. ഡിഫൻഡർമാരെ മറികടന്ന് എപ്പോൾ കുതിക്കണമെന്നും ഏതുസമയത്ത് സഹതാരങ്ങൾക്കൊപ്പം നീക്കങ്ങളെ വിളയ്ക്കണമെന്നും കൃത്യമായി അറിയുന്നുവെന്നതും അവനെ വേറിട്ടുനിർത്തുന്നു. കാഡിസിനെതിരെ ദ്രുതഗതിയിലുള്ള വൺ-ടൂകളും യഥാസമയത്തെ ആക്സിലറേഷനുമൊക്കെയായി താരം അതിശയകരമായിത്തന്നെ വരവറിയിച്ചു.

ഇടതുപാർ​ശ്വത്തിൽ ഓവർലോഡ് വരുന്ന ഗെയിംപ്ലാനും പൊസഷൻ ഗെയിമിലൂന്നിയ നീണ്ട സ്​പെല്ലുകളും കാരണം ബാഴ്സലോണയിൽ പവരമ്പരാഗതമായി റൈറ്റ് വിങ്ങർക്ക് പന്തിന്മേൽ നിയന്ത്രണത്തിനുള്ള അവസരം താരതമ്യേന കുറയും. എന്നാൽ, ആ മുൻവിധികളെ മറികടക്കുന്ന രീതിയിലുള്ള മിടുക്കും ഉത്തരവാദിത്വവുമായിരുന്നു കാഡിസിനും വിയ്യാറയലിനുമെതിരെ പയ്യൻ കാഴ്ചവെച്ചത്. പ്രീസീസൺ മത്സരത്തിൽ ടോട്ടൻഹാമിനെതിരെ മൂന്നു ഗോളവസരങ്ങൾ സൃഷ്ടിച്ച് കൈയടി നേടിയതിനുപിന്നാലെയായിരുന്നു ലാ ലീഗയുടെ കളത്തിലിറങ്ങിയത്.

വിലതുവിങ്ങിൽ മികവുറ്റ ക്രിയേറ്റിവ് ഗെയിം കളിക്കുന്ന താരങ്ങൾക്ക് സാവി ഹെർണാണ്ടസ് ഏറെ പരിഗണന നൽകുന്നുണ്ട്. ഉസ്മാൻ ഡെംബലെയും റഫീഞ്ഞയും സാവിയുടെ ഇഷ്ടക്കാരായിരുന്നു. ഡെംബലെ പി.എസ്.ജിയിലേക്ക് പോവുകയും റഫീഞ്ഞ സസ്പെൻഷനിലാവുകയും ചെയ്തതോടെ പതിനാറുകാരനിൽ പൂർണവിശ്വാസമർപ്പിച്ച് അവനെ കൂടുതുറന്നുവിടുകയായിരുന്നു കോച്ച്. ആ വിശ്വാസം ലാമിൻ ഉജ്ജ്വലമായി കാത്തുസൂക്ഷിച്ചു. കാഡിസിനെതിരെ നാലിൽ മൂന്നുതവണ വിജയകരമായ ​ഡ്രിബ്ൾ, വിയ്യാറയലിനെതിരെ മൂന്നിൽ മൂന്നും വിജയകരം. 85 ശതമാനം കൃത്യതയിൽ ഏറ്റവുമധികം ഡ്രിബ്ളുകളെന്ന വിശേഷണമാണ് പതിനാറുകാരൻ സ്വന്തമാക്കിയത്.

ഇലക്ട്രിക് ഡ്രിബ്ലർ എന്നതിനുപുറമെ കണിശതയാർന്ന ക്രോസുകളും ​പ്രതിരോധം കീറിമുറിക്കുന്ന പാസുകളും ബോക്സിലെ ഡയഗണൽ റണ്ണുകളുമൊക്കെച്ചേരുമ്പോൾ ​േപ്ലമേക്കിങ്ങിലും ലാമിൻ പൂർണതയിലേക്കുള്ള പുറപ്പാടിലാണ്. ആ ഇടങ്കാലിന്റെ ചടുലചലനങ്ങൾ ക്രിയേറ്റിവ് ഡിപാർട്മെന്റിൽ നീക്കങ്ങളുടെ ചുക്കാൻ പിടിക്കാൻ അത്രയേറെ ഊർജം പകരുന്നുണ്ട്. സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ച രണ്ടു കളികളിൽ മൂന്നു വമ്പൻ അവസരങ്ങളാണ് പുതുമുഖക്കാരൻ സൃഷ്ടിച്ചെടുത്തത്. വിയ്യാറയലിനെതിരെ ഗോൾ നേടാൻ ഗാവിക്ക് നൽകിയ ക്രോസിൽ യമാലിന്റെ പ്രതിഭയുടെ കൈയൊപ്പുണ്ടായിരുന്നു.

ഗോളടിക്കാനും അടിപ്പിക്കാനും കഴിയുന്ന യമാൽ പ്രഹരശേഷിയിൽ മുമ്പനാണ്. വിയ്യാറയലിനെതിരെ രണ്ടു തവണയാണ് അവന്റെ ഷോട്ടുകൾ പോസ്റ്റിനിടിച്ച് വഴിമാറിയത്. അതിലൊന്നിലെ റീബൗണ്ടിൽനിന്നാണ് ലെവൻഡോവ്സ്കി വല കുലുക്കിയതും. രണ്ടു മത്സരങ്ങളിൽ ആറു ഷോട്ടുകൾ വല ലക്ഷ്യമിട്ട് പായിച്ചു. വൺ-ഓൺ-വൺ നീക്കങ്ങൾ.. ​ക്ലോസ്റേഞ്ച് ഷോട്ടുകൾ.. ലോങ് റേഞ്ചറുകൾ..തരാതരംപോലെ ആയുധങ്ങൾ ആവനാഴിയിലുള്ള ഫിനിഷറാണ് താനെന്ന് ജൂനിയർ തലങ്ങളിൽ യമാൽ തെളിയിച്ചിട്ടുണ്ട്. അണ്ടർ 17 യൂറോകപ്പിൽ പത്തിലേറെ അവസരങ്ങൾ തുറന്നെടുത്ത താരം, നാലു ഗോളുമായി ടൂർണ​മെന്റിലെ സംയുക്ത ടോപ്സ്കോറർമാരിൽ ഒരാളായിരുന്നു. ​

കളികളേറെക്കണ്ട കരുത്തരായ താരങ്ങൾക്കെതിരെ കളംപിടിക്കാനിറങ്ങുമ്പോൾ സാവി തന്റെ കൊച്ചുശിഷ്യന് നൽകുന്ന പ്രധാന ഉപദേശം ‘ഒന്നുകൊണ്ടും പേടിക്കരുത്’ എന്നതാണ്. ‘ഭാഗ്യത്തിന് എനിക്ക് ഒട്ടും പേടി തോന്നിയിട്ടില്ല. നന്നായി ഫുട്ബാൾ കളിക്കാനാവുമെന്ന ആത്മവിശ്വാസം കൂടെയുള്ളതിനാൽ കളത്തിലിറങ്ങി എന്റെ ഗെയിം കളിക്കുന്നു. ഞാൻ സ്റ്റാർട്ടിങ് ലൈനപ്പിലിറങ്ങു​മ്പോൾ മാതാവിന് പേടിയാണ്. എങ്കിലും അവരെന്നെ അങ്ങേയറ്റം പിന്തുണക്കും’ -യമാൽ പറയുന്നു. യമാലിന്റെ പിതാവ് കടുത്ത റയൽ മഡ്രിഡ് ആരാധകനാണ്. അതുകൊണ്ടുതന്നെ ബദ്ധവൈരികളുടെ അണിയിലേക്ക് പുത്തൻ താരോദയം കൂടുമാറിയേക്കുമെന്ന ഊഹാപോഹങ്ങളും പല കോണുകളിൽനിന്നുമുണ്ട്. എന്നാൽ, താൻ ബാഴ്സലോണയിൽ തുടരുമെന്ന് ആവർത്തിച്ചുവ്യക്തമാക്കുകയാണ് യമാൽ. 2026 വരെ കറ്റാലൻ ക്ലബുമായി കരാർ ഒപ്പിടാനുള്ള നീക്കങ്ങളും പിന്നണിയിൽ തകൃതിയാണ്.


ദേശീയ തലത്തിൽ മൊറോക്കോക്കും സ്​പെയിനിനും കളിക്കാനുള്ള അവസരങ്ങൾ കൊച്ചുതാരത്തിനുമുന്നിലുണ്ടായിരുന്നു​. ഇതിൽ സ്​പെയിനിനൊപ്പം നിൽക്കാനായിരുന്നു യമാലിന്റെ തീരുമാനം. ഇതോടെ, യൂറോകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാനുള്ള സ്​പെയിൻ ടീമിൽ കോച്ച് ലൂയി ഡി ലാ ഫ്യൂയന്റെ ബാഴ്സലോണയുടെ പുത്തൻ താരോദയത്തെ ഉൾ​പ്പെടുത്തിയിരിക്കുകയാണ്. ഇനി ‘ചോരത്തിളപ്പിന്റെ കളി’ രാജ്യാന്തര കളിമുറ്റത്തേക്കും...

Tags:    
News Summary - Lamine Yamal: A 'Ballet Dancer' From the Art Gallery of Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.