ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂൾ. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഏക ഗോളാണ് യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് വിജയമൊരുക്കിയത്. 76ാം മിനിറ്റിലായിരുന്നു സിറ്റിയുടെ വലയിൽ പന്തെത്തിയത്. ഒന്നാം സ്ഥാനത്തിനായി ആഴ്സണലിനൊപ്പം പോരാട്ടത്തിലായിരുന്ന സിറ്റിക്ക് തോൽവി കനത്ത തിരിച്ചടിയായി.
കളിയിലുടനീളം മേധാവിത്വം പുലർത്തിയെങ്കിലും എർലിങ് ഹാലണ്ട് അടക്കമുള്ള ഗോളടിവീരന്മാരെ തടഞ്ഞു നിർത്താനായതാണ് ലിവർപൂളിന് തുണയായത്. 64 ശതമാനം പന്ത് കൈവശം വെച്ചിട്ടും സിറ്റിക്ക് എതിർവല കുലുക്കാനായില്ല. 15ാം മിനിറ്റിൽ ലിവർപൂൾ വല ലക്ഷ്യമാക്കി ഗുണ്ടോഗൻ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ തടഞ്ഞിട്ടു. പത്തൊമ്പതാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ ശ്രമം റൂബൻ ഡയസ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി.
23ാം മിനിറ്റിൽ റോബർട്ട്സണും മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 34ാം മിനിറ്റിൽ സിറ്റിക്കായി എർലിങ് ഹാലണ്ട് ഗോളിനടുത്തെത്തിയെങ്കിലും ഹെഡർ ബാറിന് മുകളിലേക്കാണ് പോയത്. 39ാം മിനിറ്റിലും ഹാലണ്ടിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചെങ്കിലും ഹെഡർ അലിസൺ ബെക്കറുടെ കൈകളിലേക്കായിരുന്നു. 50ാം മിനിറ്റിൽ സലാഹിന് ലഭിച്ച അവസരം പുറത്തേക്കടിച്ചു കളഞ്ഞു. മൂന്ന് മിനിറ്റിന് ശേഷം ഫിൽ ഫോഡൻ സിറ്റിക്കായി ഗോൾ നേടിയെങ്കിലും തൊട്ടുമുമ്പ് ഹാലണ്ട് ഫാബിഞ്ഞോയെ ഫൗൾ ചെയ്യുന്നത് വാർ പരിശോധനയിൽ കണ്ടെത്തിയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. 55ാം മിനിറ്റിൽ സലാഹ് നൽകിയ മികച്ച പാസ് ഡിയാഗോ ജോട്ട പുറത്തേക്കടിച്ചു. 63ാം മിനിറ്റിൽ ഹാലണ്ടിന്റെ ഷോട്ട് അലിസൺ തടഞ്ഞിട്ടു. 75ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. അലിസണിന്റെ ഗോൾകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. തുടർന്ന് തിരിച്ചടിക്കാൻ സിറ്റി താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി 10 കളിയിൽ 23 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് കളിയിൽ 13 പോയന്റ് മാത്രമുള്ള ലിവർപൂൾ എട്ടാമതാണ്.
മറ്റു മത്സരങ്ങളിൽ ചെൽസി മേസൻമൗണ്ടിന്റെ ഇരട്ട ഗോളിൽ ആസ്റ്റൻ വില്ലയെയും ടോട്ടൻഹാം അതേ സ്കോറിന് എവർട്ടനെയും കീഴടക്കി. ടോട്ടൻഹാമിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ ഒബൂയാങ്ങിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ഒന്നാമതുള്ള ആഴ്സണൽ 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ മറികടന്നപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് ന്യൂകാസിലിനോട് ഗോൾരഹിത സമനില വഴങ്ങി. ബുകായൊ സാകയാണ് ഗണ്ണേഴ്സിനായി ഗോളടിച്ചത്. സതാംപ്ടൺ, വെസ്റ്റ് ഹാം മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 10 കളിയിൽ 27 പോയന്റുമായി ലീഗിൽ ആഴ്സണലാണ് മുന്നിൽ. സിറ്റിക്കും ടോട്ടൻഹാമിനും 23 പോയന്റ് വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.