മഡ്രിഡ്: ക്രൊയേഷ്യയുടെ മിഡ്ഫീൽഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ് അറിയിച്ചു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബിൽ രാജകീയമായി അവതരിപ്പിച്ചതിനു പിന്നാലെയാണ് മോഡ്രിച്ചിന്‍റെ കരാറും നീട്ടിയ സന്തോഷ വാർത്ത ക്ലബ് ആരാധകരുമായി പങ്കുവെച്ചത്. ജൂൺ വരെയാണ് താരത്തിന് ക്ലബുമായി കരാറുണ്ടായിരുന്നത്. ക്ലബിന്‍റെ മറ്റൊരു സൂപ്പർ മിഡ്ഫീൽഡ് ജർമനിയുടെ ടോണി ക്രൂസ് സീസണൊടുവിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 2012ൽ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിൽനിന്നാണ് മോഡ്രിച്ച് റയലിലെത്തുന്നത്. ആറു ചാമ്പ്യൻസ് ലീഗ്, നാല് ലാ ലീഗ ഉൾപ്പെടെ ക്ലബിനൊപ്പം 26 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2018ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ താരം റയലിനായി 534 മത്സരങ്ങളിൽനിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്. 2023-24 സീസണിൽ ക്ലബിനായി വിവിധ ചാമ്പ്യൻഷിപ്പുകളിലായി 46 മത്സരങ്ങൾ കളിച്ചു.
റയൽ മഡ്രിഡും ലൂക്ക മോഡ്രിച്ചും 2025 ജൂൺ 30 വരെ കരാർ നീട്ടിയതായി ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. നാച്ചോ ഫെർണാണ്ടസ് ഇത്തവണ ക്ലബ് വിടുകയാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മോഡ്രിച്ചിന് പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.