പാരീസ് സെന്റ് ജർമൻ ടീമിൽ ലയണൽ മെസ്സിയുടെ പ്രാധാന്യം വെളിപ്പെടുത്തി പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫർ ഗാൽറ്റിയർ. ക്ലാർമോണ്ടിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 35കാരനായ മെസ്സിയുടെ കഴിവിനെയും പൊസിഷനിങ്ങിനെയും അദ്ദേഹം പ്രശംസിച്ചു. ചുറ്റും കളിക്കാർ ഉള്ളപ്പോൾ കളിക്കാനാണ് മെസ്സി ഇഷ്ടപ്പെടുന്നത്. അദ്ദേഹം നന്നായി കളിക്കുമ്പോൾ ടീമും നന്നായി കളിക്കുന്നുവെന്നും ഗാൽറ്റിയർ പറഞ്ഞു.
"ഞങ്ങൾ ജപ്പാനിൽ കഴിയുന്ന സമയത്ത് ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ചിരുന്നു. അവന് വളരെ മൂർച്ചയുള്ളതും തന്ത്രപരവുമായ കഴിവുണ്ട്. എവിടെ നിൽക്കണമെന്ന് പെട്ടെന്ന് തിരിച്ചറിയുകയും അവിടെ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ചുറ്റും കളിക്കാർ ഉള്ളപ്പോൾ കളിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. ലിയോ പുഞ്ചിരിക്കുമ്പോൾ ടീമും പുഞ്ചിരിക്കും" -അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പി.എസ്.ജി ലീഗ് വണ്ണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്ലർമോണ്ട് ഫൂട്ടിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്തപ്പോൾ അതിൽ മെസ്സി നിർണായക പങ്ക് വഹിച്ചിരുന്നു. ബൈസിക്കിൾ കിക്കിൽനിന്ന് ഉൾപ്പെടെ ഇരട്ട ഗോളുകൾ നേടുകയും ഒരു തവണ അസിസ്റ്റ് നൽകുകയും ചെയ്തു സൂപ്പർ താരം. നെയ്മർ, അഷ്റഫ് ഹാക്കിമി, മാർക്വിനോസ് എന്നിവരായിരുന്നു മറ്റു ഗോളുകൾ നേടിയത്.
അവസാന സീസണിൽ ലീഗ് വണ്ണിലെ ആറ് ഉൾപ്പെടെ 11 ഗോൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിരുന്നത്. എന്നാൽ, രണ്ടാം സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ നാന്റസിനെതിരായ 4-0 വിജയത്തിൽ മെസ്സിയുടെ ഒരു ഗോളും ഉണ്ടായിരുന്നു. സീസണിലെ തന്റെ രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും കൂട്ടിച്ചേർത്തു. പ്രീ-സീസണിൽ ജപ്പാനിൽ നടന്ന മൂന്ന് സൗഹൃദ മത്സരങ്ങളിൽനിന്ന് രണ്ട് തവണയും മെസ്സി വലകുലുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.