കൂടീന്യോയും ജെറാഡും വീണ്ടും ഒന്നിക്കുന്നു; ബ്രസീലിയൻ താരത്തെ ബാഴ്സയിൽ നിന്ന് റാഞ്ചി ആസ്റ്റൺ വില്ല

ലണ്ടൻ: ബ്രസീലിയൻ താരം ഫിലിപ് കൂടിന്യോയും ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാഡും വീണ്ടും ഒന്നിക്കുന്നു. ബാഴ്സലോണയിൽ നിന്ന് വായ്പ അടിസ്ഥാനത്തിൽ കൂടീന്യോയെ ടീമിൽ എത്തിച്ചതായി പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല അറിയിച്ചു. സീസൺ അവസാനം വരെയാണ് കരാർ.

ആസ്റ്റൺ വില്ല മാനേജരാണ് ജെറാഡ്. 29 വയസുകാരനായ കൂടീന്യോ മുമ്പ് ആറ് വർഷം പ്രീമിയർ ലീഗിൽ ലിവർപൂളിനായി പന്തുതട്ടിയിരുന്നു. 2013-15 സീസണിൽ ജെറാഡി​ന്‍റെ നായകത്വത്തിന് കീഴിൽ കൂടീന്യോ ആൻഫീൽഡിൽ കളത്തിലിറങ്ങി. 200 മത്സരങ്ങളിൽ നിന്നായി റെഡ്സ് ജഴ്സിയിൽ 54 ഗോളുകളും സ്കോർ ചെയ്തു.

2018 ജനുവരിയിൽ 192 ദശലക്ഷം യു.എസ് ഡോളറിനാണ് കൂടീന്യോ ബാഴ്സയിലേക്ക് ചേക്കേറിയത്. എന്നാൽ നൂകാംപിൽ ബാഴ്സ ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിരുന്നില്ല. 2019-20 സീണിൽ വായ്പ അടിസ്ഥാനത്തിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാനായാണ് കൂടീന്യോ കളിച്ചത്.

ബാഴ്സക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെൽറേ കിരീടങ്ങളും സ്വന്തമാക്കിയ കൂടീന്യോ ഈ സീസണിൽ 16 മത്സരങ്ങളിൽ കളത്തിലിറങ്ങിയിരുന്നു. രണ്ട് ഗോളുകളും താരം നേടി.

106 മത്സരങ്ങളിൽ നിന്നായ് കാറ്റലൻ ക്ലബിനായി 26 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഒന്നര വർഷത്തെ കരാറാണ് ഇനി ബാക്കിയുള്ളത്. നിലവിൽ ആസ്റ്റൺ വില്ല പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ 13ാമതാണ്. ജനുവരി 15ന് സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെയാണ് അടുത്ത മത്സരം. 

Tags:    
News Summary - Philippe Coutinho reunites with former captain Steven Gerrard signed on loan by Aston Villa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.