പാരിസ്: തങ്ങളുടെ അണിയിലുള്ള ഈ ഏഴു വമ്പൻ താരങ്ങളോട് എത്രയും വേഗം ക്ലബിൽനിന്ന് പുറത്തുപോകാൻ കരുക്കൾ നീക്കണമെന്ന് പി.എസ്.ജിയുടെ അന്ത്യശാസനം. ഈ താരങ്ങളെ വേണ്ടെന്നും ആഗസ്റ്റ് 31ന് ട്രാൻസ്ഫർ ജാലകം അടയ്ക്കുംമുമ്പ് മറ്റു ടീമുകളിൽ ചേക്കേറാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ക്ലബിന്റെ നിലപാട്. പുറത്തുപോയില്ലെങ്കിൽ അടുത്ത സീസണിൽ രണ്ടാംനിര ടീമിനൊപ്പം അഞ്ചാം ഡിവിഷൻ ലീഗിൽ കളിക്കേണ്ടിവരുമെന്ന 'ഭീഷണി'യും പുറപ്പെടുവിച്ചിട്ടുണ്ട്.
ആൻഡെർ ഹെരേര, ലേവിൻ കുർസാവ, യൂലിയൻ ഡ്രാക്സ്‍ലർ, റഫീഞ്ഞ, തിലോ കെഹ്റർ, ഇദ്‍രീസ ഗ്വെയെ, മൗറോ ഇക്കാർഡി എന്നിവരോടാണ് ക്ലബ് പടിയിറങ്ങാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ പരിശീലകൻ ക്രിസ്റ്റഫർ ഗാൾട്ടിയർ ചുമതലയേറ്റ ശേഷം പാർക് ഡി പ്രിൻസസിൽ ഈ താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
തങ്ങളുടെ ഭാവിപദ്ധതികളിൽ ഇടമില്ലാത്ത താരങ്ങളെ ടീമിൽനിന്ന് പുറത്തുപോകാൻ നിർബന്ധിക്കുകയാണ് പി.എസ്.ജിയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ ലൂയി കാംപോസ്. ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനു മുമ്പ് പരിഹാരമായില്ലെങ്കിൽ അവർക്ക് പാരിസിൽ തന്നെ സീസൺ ചെലവിടേണ്ടിവരും. ക്ലബിന്റെ നിലപാട് അപ്പോൾ എന്തായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.