ലാ ലിഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപ പരാതി റഫറി പരിഗണിച്ചില്ലെന്ന് റയൽ മഡ്രിഡ്. മത്സരം നിയന്ത്രിച്ചിരുന്ന യുവാൻ മാർട്ടിനെസ് മുനുവേരക്കെതിരെയാണ് ക്ലബ് രംഗത്തെത്തിയത്.
മാച്ച് റിപ്പോർട്ടിൽ വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപ ആരോപണം ഉൾപ്പെടുത്തിയില്ലെന്നാണ് റയലിന്‍റെ ആക്ഷേപം. താരത്തിനെതിരായ അധിക്ഷേപങ്ങളും ആക്രോശങ്ങളും മനപൂർവം വിട്ടുകളഞ്ഞെന്നാണ് റയൽ പറയുന്നത്. അതേസമയം, ആരാധകർ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ഒസാസുന ക്ലബ് അധികൃതർ നിഷേധിച്ചു. മൂന്നു വർഷമായി ലാ ലിഗ ഉൾപ്പെടെ സ്പെയ്നിലെ വിവിധ മത്സരങ്ങളിൽ ബ്രസീൽ താരം കാണികളിൽനിന്ന് വംശീയ അധിക്ഷേപം നേരിടുന്നുണ്ട്. വംശീയ അധിക്ഷേപം തടയുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും റയൽ ആവശ്യപ്പെട്ടു.
‘ഞങ്ങളുടെ കളിക്കാരനായ വിനീഷ്യസ് ജൂനിയറിന് നേരെ നടന്ന ആക്രോശങ്ങളും അധിക്ഷേപങ്ങളും റഫറി മനഃപൂർവം ഒഴിവാക്കി. മത്സരത്തിനിടയിൽ തന്നെ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു’ -റയൽ പ്രസ്താവനയിൽ പറഞ്ഞു. വിനീഷ്യസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒസാസുനയെ 4-2ന് റയൽ പരാജയപ്പെടുത്തിയിരുന്നു. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള റയലിന് പത്തു പോയന്‍റിന്‍റെ ലീഡുണ്ട്.
ആരാധകരിൽ ചെറിയൊരു വിഭാഗം റയൽ താരങ്ങളെ അപമാനിച്ചിട്ടുണ്ടാകാമെന്നും എന്നാൽ അത് വംശീയ അധിക്ഷേപമായി കണക്കാക്കരുതെന്നും ഒസാസുന ക്ലബ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.